ബി.ടി.എസ് സെന്‍സേഷന്‍ ജങ്കൂക്കിന്റെ ‘ഡ്രീമേഴ്സ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പ് സൗണ്ട് ട്രാക്കിന്റെ ഒഫീഷ്യല്‍ മ്യൂസിക് വീഡിയോ, ബിടിഎസ് സെന്‍സേഷന്‍ ജങ്കൂക്കിന്റെ ‘ഡ്രീമേഴ്സ്’ ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പുറത്തിറങ്ങി.
ജങ്കൂക്കിനൊപ്പം ‘ഡ്രീമേഴ്സി’ല്‍ ഖത്തരീ ഗായകന്‍ ഫഹദ് അല്‍ കുബൈസിയും പാടുന്നുണ്ട്. നവംബര്‍ 20 ന് ഖത്തര്‍ ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ ഇരുവരും ഗാനം ലൈവ് അവതരിപ്പിച്ചിരുന്നു.
സൂഖ് വാഖിഫിലെ പാരിസയിലെ അതിമനോഹരമായ ഇടനാഴിയിലൂടെ ജുങ്കൂക്ക് നടന്നുകൊണ്ടാണ് ഗാനത്തിന്റെ ആകര്‍ഷകമായ വരികളോടെയാണ് മ്യൂസിക് വീഡിയോ ആരംഭിക്കുന്നത്.
രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാര വിപണിയായ സൂഖ് വാഖിഫിലെ ഒരു ഇടവഴിയില്‍ നര്‍ത്തകര്‍ക്കൊപ്പം ജങ്കൂക്കും നൃത്തം ചെയ്യുന്നത് കാണാം. തുടര്‍ന്ന് ധോ ബോട്ടില്‍ ഫഹദ് അല്‍ കുബൈസിയിലേക്ക് ക്യാമറ പായുന്നു.
‘ഡ്രീമേഴ്സ്’ മ്യൂസിക് വീഡിയോയുടെ ഊര്‍ജ്ജസ്വലമായ ഛായാഗ്രഹണം, സൂഖ് വാഖിഫ്, കത്താറ, വെസ്റ്റ് ബേ, ഖത്തറിന്റെ ഐക്കണിക് സ്‌കൈലൈന്‍ എന്നിങ്ങനെ രാജ്യത്തെ വിവിധ ലാന്‍ഡ്മാര്‍ക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഗാനത്തിന്റെ ആവേശകരമായ പ്രകമ്പനവുമായി പൊരുത്തപ്പെടുന്നതാണ് .
ആതിഥേയ രാജ്യത്തിന്റെ പ്രാദേശിക പൈതൃകത്തിന് അംഗീകാരം നല്‍കുന്ന സംഗീത വീഡിയോ, തിമിംഗല സ്രാവ്, ഫാല്‍ക്കണ്‍, പേള്‍ ഡൈവിംഗ് എന്നിവയും ഖത്തറിലെ ഫുട്‌ബോള്‍ അന്തരീക്ഷവുമായി ഐക്യം, പാരമ്പര്യം, സംസ്‌കാരം, സമകാലിക കാലഘട്ടം എന്നിവയുടെ തീമുകളായി ഉയര്‍ത്തിക്കാട്ടുന്നതാണ് .
ഞങ്ങള്‍ ആരാണെന്ന് നോക്കൂ, ഞങ്ങള്‍ സ്വപ്‌നം കാണുന്നവരാണ് ,ഞങ്ങള്‍ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നു, കാരണം ഞങ്ങള്‍ ആ സ്വപ്‌നത്തില്‍ വിശ്വസിക്കുന്നു തുടങ്ങിയ ഏറെ പ്രചോദനാത്മകമായ വരികള്‍ ഖത്തറിന്റെ ലോകകപ്പ് സാക്ഷാല്‍ക്കാരത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം അദമ്യമായ ആഗ്രഹവും തികഞ്ഞ വിശ്വാസവുമുണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാകുമെന്ന സുപ്രധാനമായ ആശയവും അടിവരയിടുന്നതാണ് .
നവംബര്‍ 20-ന് എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും പുറത്തിറങ്ങിയ ‘ഡ്രീമേഴ്സ്’ എന്നതിന്റെ പൂര്‍ണ്ണ ട്രാക്ക് ഇതിനകം തന്നെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി. ഖത്തര്‍ ഉള്‍പ്പെടെ 100 രാജ്യങ്ങളില്‍ ഐട്യൂണ്‍സില്‍ ഗാനം ഒന്നാം സ്ഥാനത്തെത്തിയതായി ട്രാക്കിന്റെ നിര്‍മ്മാതാവായ റെഡ് വണ്‍ അവകാശപ്പെട്ടു.