പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയിങ് ത്രയം നാളെ ഗ്രൗണ്ടിലിറങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ലോകകപ്പ് അരങ്ങേറ്റം കുറിക്കുമ്പോള്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മതിപ്പായി ഖത്തര്‍ ലോകകപ്പ് മാറുമ്പോള്‍ പുരുഷ ലോകകപ്പ് പൂര്‍ണമായും നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയിങ് ത്രയം നാളെ ഗ്രൗണ്ടിലിറങ്ങുമെന്നതും ചരിത്രത്തിന്റെ ഭാഗമാകും.
സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, ന്യൂസ ബാക്ക്, കാരെന്‍ ഡയസ് എന്നീ വനിത റഫറിമാര്‍ നാളെ ( വ്യാഴം) രാത്രി 10 മണിക്ക് അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടക്കുന്ന കോസ്റ്റാറിക്ക-ജര്‍മ്മനി ഗ്രൂപ്പ് ഇ മത്സരത്തിന്റെ ചുമതല ഏറ്റെടുക്കുമെന്ന് ഫിഫ അറിയിച്ചു.
സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട് ഈ മല്‍സരത്തിലെ പ്രധാന റഫറിയാകുന്നതോടെ 2022 മാര്‍ച്ചില്‍ പുരുഷ ലോകകപ്പ് യോഗ്യതാ മത്സരത്തിലും 2020 ലെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും നിയന്ത്രിച്ച ആദ്യ വനിത റഫറിയെന്ന നിലയില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടും. നവംബര്‍ 22 ന് സ്‌റ്റേഡിയം 974 ല്‍ നടന്ന പോളണ്ട്-മെക്‌സിക്കോ ഗ്രൂപ്പ് സി പോരാട്ടത്തിന്റെ നാലാമത്തെ ഒഫീഷ്യലായിരുന്നു ഫ്രാപ്പാര്‍ട്ട്
38 കാരിയായ ഫ്രഞ്ച് വനിതയ്ക്കൊപ്പം ബ്രസീലിയന്‍ ന്യൂസയും മെക്സിക്കന്‍ ഡയസും സഹായികളായി എത്തും.
ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ റുവാണ്ടയുടെ സലിമ മുകന്‍സംഗ, ജപ്പാന്റെ യമഷിത യോഷിമി എന്നിവരും പങ്കെടുക്കുന്നുണ്ട്