അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തില്‍ മലയാളികള്‍ക്കഭിമാനമായി ഖത്തര്‍ മല്ലു വളണ്ടിയേര്‍സ്
അമാനുല്ല വടക്കാങ്ങര
ദോഹ. അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തില്‍ മലയാളികള്‍ക്കഭിമാനമായി ഖത്തര്‍ മല്ലു വളണ്ടിയേര്‍സ് . ഖത്തറില്‍ നടന്നുവരുന്ന ഫിഫ 2022 ലോകകപ്പിന്റെ വിവിധ വകുപ്പുകളില്‍ മലയാളി വളണ്ടിയര്‍മാരുടെ സേവനം ശ്രദ്ധേയമാണ് . ഒരു പക്ഷേ ഏറ്റവുമധികം മലയാളി വളണ്ടിയര്‍മാര്‍ സേവനമനുഷ്ടിക്കുന്ന ഫിഫ ലോകകപ്പാകും ഖത്തറില്‍ നടക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറിലെ കളിക്കളങ്ങളിലെ സജീവ സാന്നിധ്യമായി ഖത്തര്‍ മല്ലു വളണ്ടിയേര്‍സ് സംഘാടകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഓരോ മല്‍സരവേദികളിലും ഉത്തരവാദിത്ത ബോധത്തോടെ കര്‍മോല്‍സുകരാകുന്ന മല്ലു വളണ്ടിയര്‍മാര്‍ ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും കേരളീയ സമൂഹത്തിന് വിശേഷിച്ചും അഭിമാനമാണ്. നിസ്വാര്‍ഥ സേവനപ്രവര്‍ത്തനങ്ങളിലൂടെ ചരിത്രം കുറിക്കുന്ന ഈ കൂട്ടായ്മ പ്രവാസ ലോകത്തിന് തന്നെ മാതൃകയാവുകയാണ് .
ഖത്തറില്‍ നടക്കുന്ന ഏത് കായിക പരിപാടിയിലും വളണ്ടിയര്‍മാരെ ക്ഷണിക്കുമ്പോള്‍ ആദ്യമെത്തുന്ന കുറേ പേരെങ്കിലും ഖത്തര്‍ മല്ലു വളണ്ടിയേര്‍സ് എന്ന വാട്സാപ്പ് കൂട്ടായ്മയില്‍ നിന്നുള്ളവരായിരിക്കും. ചെറുപ്പക്കാരായ നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും സേവന രംഗത്ത് സജീവമാകുമ്പോള്‍ പുതിയ തലമുറയില്‍ നിന്നും നമുക്കേറെ പ്രതീക്ഷിക്കാനുണ്ട്.
വോളണ്ടയറിംഗ് ആവശ്യമുള്ള ഏത് ഘട്ടങ്ങളിലും സജീവമാകുന്ന ഖത്തര്‍ മല്ലു വോളണ്ടിയേര്‍സ് ഖത്തര്‍ ദേശീയ ദിനം, കോവിഡ് പരിചരണം, എമീരി കപ്പ്, ഖത്തര്‍ സ്റ്റാര്‍സ് ലീഗ്, അറേബ്യന്‍ സ്റ്റാര്‍സ്, ഇന്റര്‍നാഷണല്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി ദോഹയിലരങ്ങേറുന്ന ദേശീയവും അന്തര്‍ദേശീയവുമായ മല്‍സരങ്ങളുടെ ഭാഗമായാണ് സംഘാടകരുടെ പ്രശംസയേറ്റുവാങ്ങുന്നത്.
ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാനുള്ളതല്ല, സമൂഹത്തിന് സേവനം ചെയ്തു നമ്മുടെ പങ്ക് അടയാളപ്പെടുത്തിയും ആഘോഷിക്കാനുള്ളതാണെന്നാണ് ഈ കൂട്ടായ്മ വിശ്വസിക്കുന്നത്. സന്നദ്ധ സേവനം ഒരു കടമയാണ്, പോറ്റുന്ന ഈ രാജ്യത്തോടുള്ള നമ്മുടെ കടമ. ആരെയും കാണിക്കാനും അറിയപ്പെടാനുമല്ല. നാളെ നടന്നു നീങ്ങുമ്പോള്‍ സ്വയം ബോധ്യപെടുത്താന്‍ ജീവിതത്തില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്താണ് ഞാന്‍ നടന്നു നീങ്ങിയത് എന്ന് ഓര്‍മ്മിക്കാന്‍ എന്നാണ് ഓരോ മല്ലു വളണ്ടിയറുടേയും നിലപാട്.