ഫൈസല്‍ കുപ്പായി, ഖത്തറിലെ പൊതു സമൂഹത്തിന് ഇന്റര്‍നാഷണല്‍ മലയാളി പരിചയപ്പെടുത്തിയ കലാകാരന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ദിവസം മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് വിടവാങ്ങിയ ഫൈസല്‍ കുപ്പായി, ഖത്തറിലെ പൊതു സമൂഹത്തിന് ഇന്റര്‍നാഷണല്‍ മലയാളി പരിചയപ്പെടുത്തിയ കലാകാരനാണ് . കോണ്‍ഗ്രസ് നേതാവ് ഹൈദര്‍ ചുങ്കത്തറ ശരിപ്പെടുത്തിയ വിസയില്‍ ദോഹയിലെത്തി കുപ്പായി സ്റ്റുഡിയോ സ്ഥാപിച്ച് വരകളുടെ ലോകത്ത് വിരാചിക്കുന്നതിനിടെയാണ് ഈണം ദോഹയിലെ സലീമിനെ പരിചയപ്പെടുന്നതും പല വേദികളിലും പാടാന്‍ അവസരം ലഭിക്കുന്നതും. ആയിടക്ക് ഡോം ഖത്തര്‍ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ കുപ്പായി പങ്കുവെച്ച ചില ചിത്രങ്ങള്‍ അഫ്‌സല്‍ കിളയിലിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും ഇന്റര്‍നാഷണല്‍ മലയാളി അദ്ദേഹവുമായുള്ള വിശദമായ അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് ഖത്തറിലെ പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രങ്ങളായ ഗള്‍ഫ് ടൈംസ്, ഖത്തര്‍ ട്രിബ്യൂണ്‍ എന്നിവ അദ്ദേഹത്തെ ക്കുറിച്ച ഫീച്ചര്‍ പ്രസിദ്ധീകരിച്ചു. റേഡിയോ സുനോയും അദ്ദേഹവുമായി അഭിമുഖം നടത്തി.
സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് കുപ്പായിയെക്കുറിച്ച് പ്രസിദ്ധീകരിച്ച ഫീച്ചറും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അവിടുന്നങ്ങോട്ട് കുപ്പായിക്ക് തിരക്ക് പിടിച്ച നാളുകളായിരുന്നു. സംഗീത പരിപാടികളും വരകളുമായി ജീവിതം ആഘോഷമാക്കി മുന്നോട്ടുപോകവെയാണ് മരണം അദ്ദേഹത്തെ പിടികൂടിയത്. സഹൃദയ ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തിയ വേര്‍പാടായിരുന്നു അത്.