ഹയ്യ കാര്‍ഡില്‍ ഖത്തറിലെത്തിയ മലയാളി വയോധികന്‍ കാറിടിച്ച് മരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ മാസം ഹയ്യ കാര്‍ഡില്‍ ഖത്തറിലെത്തിയ മലയാളി വയോധികന്‍ കാറിടിച്ച് മരിച്ചു. കരുവാരക്കുണ്ട് ദാറുന്നജാത് സെക്രട്ടറിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടന്‍ ഇസ് ഹാഖ് ഹാജി (76 വയസ്സ് ) ആണ് ദോഹയില്‍ വാഹനമിടിച്ച് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഭാര്യ സാറയെ പരിക്കുകളോടെ ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ സബിതയും പേരമകള്‍ ദിയയും നിസ്സാര പരിക്കുകളോടെ ചികില്‍സയിലുണ്ട്. എഡ്യൂക്കേഷണ്‍ സിറ്റി മെട്രോയില്‍ വന്നിറങ്ങി ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലേക്ക് നടന്നുപോകവേ ലൈബ്രറി പാര്‍ക്കിംഗില്‍ നിന്നും അമിത വേഗതയില്‍ വന്ന ലെക്‌സസ് കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏപ്രില്‍ 11 നാണ് ഇസ് ഹാഖ് ഹാജിയും കുടുംബവും ഹയ്യ കാര്‍ഡില്‍ ഖത്തറിലെത്തിയത്.
അന്‍വര്‍ ( ജിദ്ധ), ജലീല്‍ ( ഓസ്‌ട്രേലിയ), ഷറഫുന്നീയ എന്നിവരാണ് മക്കള്‍. ഹുസൈന്‍ പാണ്ടിക്കാട്, ഫസീല, ഡാലിയ, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ മരുമക്കളാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ് സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.