ആയിരങ്ങള്‍ക്ക് ആശ്വാസമായി സി.ഐ.സിയുടെ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ ആയിരങ്ങള്‍ക്ക് ആശ്വാസമായി സി.ഐ.സിയുടെ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് . സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സിഐസി) ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബയുമായി സഹകരിച്ച് ഐന്‍ഖാലിദ് ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ സംഘടിപ്പിച്ച പത്തൊമ്പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിലേക്ക് രാവിലെ മുതല്‍ തന്നെ നൂറ് കണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം പേര്‍ക്ക് കാര്‍ഡിയോളജി, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്, ഫിസിയോതെറാപ്പി, ഓഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും സ്‌കാനിംഗ്, ഇ.സി.ജി, ഓഡിയോമെട്രി, ഓഫ്താല്‍മോളജി, ഓറല്‍ ചെക്കപ്പ്, കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും മരുന്നും സൗജന്യമായി ലഭ്യമാവും. രാവിലെ 7 ന് ആരംഭിച്ച പരിശോധന 4 ഷിഫ്റ്റുകളിലായി വൈകിട്ട് 6 വരെ തുടരും.