ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ആവേശമായി അംബാസിഡര്‍മാരുടെ സന്ദര്‍ശനം
അമാനുല്ല വടക്കാങ്ങര
ദോഹ. വിത്ത് റീഡിംഗ് വി റൈസ്’ എന്ന ശ്രദ്ധേയമായ മുദ്രാവാക്യത്തിന് കീഴില്‍ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ആവേശമായി അംബാസിഡര്‍മാരുടെ സന്ദര്‍ശനം. ഖത്തറില്‍ എംബസികളുള്ള 110 രാജ്യങ്ങളുടെ അംബാസിഡര്‍മാരാണ് കഴിഞ്ഞ ദിവസം പുസ്തകമേള സന്ദര്‍ശിച്ചത്. അറബ്, വിദേശ രാജ്യങ്ങളുടെ അംബാസഡര്‍മാരോടൊപ്പം ദോഹ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനി, അംബാസഡര്‍മാര്‍ക്കും അതിഥികള്‍ക്കും ഒപ്പം പ്രദര്‍ശിപ്പിച്ച കയ്യെഴുത്തുപ്രതികളുടെ നിധികളെക്കുറിച്ചും അറബ്, വിദേശ പ്രസാധകരുടെ വിവിധ ശാഖകളിലെ ഏറ്റവും പ്രധാനപ്പെട്ട ആധുനിക റിലീസുകളെക്കുറിച്ചും ആശയവിനിമയം നടത്തി.
അംബാസഡര്‍മാര്‍ എക്‌സിബിഷന്റെ നിരവധി പ്രധാന പവലിയനുകളും സന്ദര്‍ശിച്ചു, പ്രത്യേകിച്ച് അപൂര്‍വ കയ്യെഴുത്തുപ്രതികളും പുസ്തകങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പവലിയന്‍, ഈ വര്‍ഷത്തെ വിശിഷ്ട അതിഥി രാജ്യമായ സൗദി അറേബ്യയുടെ പവലിയന്‍, എക്‌സ്‌പോ ദോഹ 2023 പവലിയന്‍ മുതലായവ അംബാസിഡര്‍മാരുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. പുസ്തക മേളയുടെ ഭാഗമായി നടന്ന നിരവധി സാംസ്‌കാരിക പരിപാടികളും , കുട്ടികളുടെ പരിപാടികളെക്കുറിച്ചും അതിഥികളെയാകര്‍ഷിച്ചു.
37 രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം പ്രസാധകര്‍ പങ്കെടുക്കുന്ന മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ സമാപിക്കും.