വേള്‍ഡ് അക്വാറ്റിക്‌സ് – ദോഹ 2024 ചാമ്പ്യന്‍ഷിപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി ശൈഖ് ജൗആന്‍
ദോഹ. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ദോഹ 2024 ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാദേശിക സംഘാടക സമിതി ചെയര്‍മാനുമായ ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ താനി ഞായറാഴ്ച ആസ്പയര്‍ സോണ്‍ സന്ദര്‍ശിച്ചു. 2024 ഫെബ്രുവരി 2 മുതല്‍ 18 വരെ ദോഹയില്‍ നടക്കുന്ന ദോഹ 2024 അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി . ക്യുഒസി പ്രസിഡന്റിനൊപ്പം കായിക യുവജന മന്ത്രി സലാ ബിന്‍ ഗാനിം അല്‍ അലി, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) പ്രസിഡന്റ് ഡോ. സഅദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
ആഗോള അക്വാട്ടിക്‌സ് കലണ്ടറിലെ ഏറ്റവും ആവേശകരമായ മത്സരത്തിന് തുടക്കം കുറിക്കാന്‍ 190-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,600-ലധികം മികച്ച അത്ലറ്റുകളേയും ലോകമെമ്പാടുമുള്ള വിശിഷ്ടാതിഥികളെയും ആരാധകരെയും സ്വാഗതം ചെയ്യാന്‍ ഖത്തര്‍ തയ്യാറെടുക്കുകയാണ്. നീന്തല്‍, ഡൈവിംഗ്, വാട്ടര്‍ പോളോ, ആര്‍ട്ടിസ്റ്റിക് സ്വിമ്മിംഗ് , ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിംഗ്, ഹൈ ഡൈവിംഗ് എന്നിങ്ങനെ ആറ് ജല കായിക ഇനങ്ങളിലായി 75 മെഡല്‍ ഇനങ്ങളാണ് ദോഹ 2024ല്‍ ഖത്തറിന്റെ തലസ്ഥാനത്ത് നടക്കുക