ഖത്തറിന്റെ വികസന അജണ്ടയില്‍ ഭക്ഷ്യ, ജല സുരക്ഷക്ക് മുന്തിയ പരിഗണന
ദോഹ: പ്രാദേശിക ഭക്ഷ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കല്‍, വിതരണ ശൃംഖല മെച്ചപ്പെടുത്തല്‍, ഗവേഷണം, വികസനം, നൂതനാശയങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഖത്തറിന്റെ മൂന്നാമത് ദേശീയ വികസന തന്ത്രത്തില്‍ ഭക്ഷ്യ-ജല സുരക്ഷ പ്രധാന ഘടകമാകുമെന്ന് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രസിഡന്റിന്റെ അസിസ്റ്റന്റ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ നുഐമി പറഞ്ഞു. ഖത്തര്‍ ദേശീയ ദര്‍ശനം (ക്യുഎന്‍വി) 2030 കൈവരിക്കുന്നതിനുള്ള അന്തിമ തന്ത്രമാണ് മൂന്നാമത്തെ ദേശീയ വികസന തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ദോഹയില്‍ ജിസിസി സെക്രട്ടേറിയറ്റ് ജനറലുമായി ഏകോപിപ്പിച്ച് പിഎസ്എ സംഘടിപ്പിച്ച ”ജിസിസിക്കുള്ള ഭക്ഷ്യ-ജല സുരക്ഷയും സുസ്ഥിര വികസനം കൈവരിക്കുന്നതിലെ പങ്കും” എന്ന വിഷയത്തില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അല്‍ നുഐമി. സുസ്ഥിര വികസനം കൈവരിക്കാനും അതിലെ ജനങ്ങള്‍ക്ക് മാന്യമായ ജീവിതത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാനും കഴിയുന്ന ഒരു വികസിത രാജ്യമായി ഖത്തറിനെ മാറ്റുകയാണ് ക്യുഎന്‍വി 2030 ലക്ഷ്യമിടുന്നതെന്ന് അല്‍ നുഐമി പറഞ്ഞു.
ഇതിന് ഉല്‍പ്പാദന സംവിധാനങ്ങളുടെയും വിതരണ ശൃംഖലകളുടെയും സുസ്ഥിരത ഉറപ്പാക്കുകയും അവയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കേണ്ടതും പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.