ഖത്തര്‍ ‘കലാഞ്ജലി ‘കലോത്സവത്തിന് ഇന്ന് തുടക്കം
ദോഹ :മൂന്നാമത് മീഡിയ പെന്‍ ഇന്റര്‍ സ്‌കൂള്‍ കലാഞ്ജലി കലോത്സവത്തിന് ഇന്ന് തുടക്കം. ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ കേരള സംസ്ഥാന യുവജനോത്സവ മാതൃകയിലാകും കലാഞ്ജലി കലോത്സവം നടക്കുക. 71 ഇനങ്ങളിലായി ഖത്തറിലെ വിവിധ പ്രവിശ്യകളില്‍ നിന്നായി 1800 ഓളം മത്സരാര്‍ത്ഥികള്‍ കലാമത്സരങ്ങളുടെ ഭാഗമാകും. ഖത്തറിലെ 18 പ്രമുഖ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 1800 വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കലാഞ്ജലിയെ മികവുറ്റതാക്കും . ജനുവരി 9 10 11 തീയതികളില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒരേസമയം തന്നെ നാലു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക . ഇന്ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളുടെ അധ്യക്ഷന്‍മാരായ എ.പി മണികണ്ഠന്‍ ,ഷാനവാസ് ബാബ, ഇ .പി അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ സംയുക്തമായി കലോത്സവം നഗറില്‍ പതാക ഉയര്‍ത്തുന്നതോടെ കലാഞ്ജലി കലോത്സവത്തിന് തുടക്കമാകും . മത്സരാര്‍ത്ഥികളുടെ മികച്ച പങ്കാളിത്തം കലോത്സവത്തിന് മികവേകും .കലാതിലകം, കലാപ്രതിഭ ,പുരസ്‌ക്കാരങ്ങള്‍ക്കു പുറമെ മികച്ച പോയിന്റുകള്‍ നേടി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്കും പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കും .വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വേദി മയൂരിയില്‍ നൃത്ത ഇനങ്ങളും ,അമൃതവര്‍ഷണി വേദിയില്‍ സംഗീത മത്സരങ്ങളും, സാഹിതി ഹാളില്‍ സാഹിത്യ മത്സരങ്ങളും, രംഗോലി ഹാളില്‍ ചിത്രരചന മത്സരങ്ങളും ആകും നടത്തപ്പെടുക .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജഡ്ജിങ് പാനല്‍ ആയിരിക്കും കലോത്സവ മത്സരങ്ങളുടെ വിധി നിര്‍ണ്ണയിക്കുക . സമാപന സമ്മേളനം ഖത്തര്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും.ചടങ്ങില്‍ പ്രശസ്ത മലയാള ചലച്ചിത്രതാരം വിശിഷ്ട അതിഥി ആയിരിക്കും. കൂടാതെ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയപ്രതിനിധികള്‍ ,ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയ പ്രതിനിധികള്‍ ,ഖത്തറിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ,ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. വിജയികളായ കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടത്തപ്പെടും .മത്സരാര്‍ത്ഥികള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകര്‍ കലാഞ്ജലി നഗറില്‍ ഒരുക്കിയിരിക്കുന്നത് .