പ്രേക്ഷകപ്രശംസയുടെ നിറവില്‍ ‘മുക്രി വിത്ത് ചാമുണ്ഡി’ ഡോക്യുമെന്ററിയുടെ പ്രവാസലോകത്തെ ആദ്യപ്രദര്‍ശനം
അമാനുല്ല വടക്കാങ്ങര
ദോഹ: സമകാലിക ലോകത്ത് ഏറെ പ്രസക്തമായ സാമൂഹ്യ സൗഹാര്‍ദ്ധവും സഹവര്‍തിത്വവും അടയാളപ്പെടുത്തുന്ന മുക്രി വിത്ത് ചാമുണ്ഡി’ ഡോക്യുമെന്ററിയുടെ പ്രവാസലോകത്തെ ആദ്യപ്രദര്‍ശനം
ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുംബൈ ഹാളിലെ നിറഞ്ഞ സദസ്സില്‍ നടന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള സഹൃദയ സദസ്സ് കയ്യടികളോടെയാണ് മാധ്യമ പ്രവര്‍ത്തന്‍ അഷ്‌റഫ് തൂണേരി അണിയിച്ചൊരുക്കിയ ഡോക്യൂമെന്ററിയെ സ്വീകരിച്ചത്.
ഇന്ത്യന്‍ മീഡിയ ഫോറമാണ് മാപ്പിളത്തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍ വിശകലനം ചെയ്ത്‌കൊണ്ട് ഉത്തര കേരളത്തിന്റെ സാംസ്‌കാരിക പ്രക്രിയയെ അടയാളപ്പെടുത്തിയ
‘മുക്രി വിത്ത് ചാമുണ്ഡി’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ദോഹയില്‍ സംഘടിപ്പിച്ചത്.
ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഡോക്യുമെന്ററി പ്രദര്‍ശനം ഉത്ഘാടനം ചെയ്തു. പ്രദര്‍ശനശേഷം നടന്ന ചടങ്ങില്‍ ഐ എം എഫ് പ്രസിഡന്റ് ഫൈസല്‍ ഹംസ അധ്യക്ഷതവഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുള്‍ റഹ്‌മാന്‍, ഡോക്യു മെന്ററിക്ക് ശബ്ദം നല്‍കിയ ഡേവിഡ് കൂപ്പര്‍ എന്നിവര്‍ സംസാരിച്ചു. സംവിധായകന്‍ അഷറഫ് തൂണേരി പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
സമകാലിക ഇന്ത്യയില്‍ സാംസ്‌കാരികമായ ഇടപെടലാണ് തന്റെ ഡോക്യുമെന്ററിയെന്നും. മുക്രി വിത്ത് ചാമുണ്ഡിക്ക് ലഭിച്ച സ്വീകാര്യത കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നു വെന്നും സംവിധായകന്‍ അഷറഫ് തൂണേരി പറഞ്ഞു.
ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ സംവിധായകന്‍ അഷ്റഫ് തൂണേരിക്ക് സ്‌നേഹോപഹാരം കൈമാറി.
ഐ എം എഫ് ജനറല്‍ സെക്രട്ടറി ഷഫീക്ക് അറക്കല്‍ സ്വാഗതവും ട്രഷറര്‍ കെ.ഹുബൈബ് നന്ദിയും പറഞ്ഞു.ആര്‍ ജെ തുഷാര അവതാരകയായിരുന്നു.
ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, സെക്രട്ടറി രതീഷ്, എക്സി: അംഗങ്ങളായ ഓമനക്കുട്ടന്‍, അഹമ്മദ് കുട്ടി,ഷഫീക് ആലുങ്ങല്‍,അപ്പുണ്ണി, നിസ, അന്‍വര്‍പാലേരി എന്നിവര്‍ നേതൃത്വം നല്‍കി.
ദോഹയിലെ പ്രമുഖരായ ഡോ. അബ്ദുസ്സമ്മദ്, ജെ കെ മേനോന്‍, സംവിധായകന്‍ അഷറഫ് തൂണേരി എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി നിര്‍മ്മിചിരിക്കുന്നത്.
ഡല്‍ഹിയൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അബ്ദുല്ല അബ്ദുല്‍ ഹമീദ്, മാധ്യമ പ്രവര്‍ത്തകന്‍ മുജീബുര്‍റഹ്‌മാന്‍ കരിയാടന്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. എ കെ മനോജും സോനു ദാമോദറും ക്യാമറയും അനീസ് സ്വാഗതമാട് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ഡോക്യുമെന്ററി ദേശീയ അന്തര്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള സാങ്കേതികമികവോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.