ന്യൂസ് ട്രെയില്‍ ട്രെയില്‍ബ്ളേസര്‍ അവാര്‍ഡ് നടുമുറ്റം ഖത്തറിന്
ദോഹ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ന്യൂസ് ട്രെയില്‍ ഏര്‍പ്പെടുത്തിയ ട്രെയില്‍ബ്ളേസര്‍ അവാര്‍ഡ് വനിതാ സംഘടനയായ നടുമുറ്റം ഖത്തറിന് ലഭിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂസ് ട്രെയില്‍ നടത്തിയ പരിപാടികളുടെ ഭാഗമായാണ് മികച്ച വനിതാ സംഘടനക്ക് അവാര്‍ഡ് നല്‍കിയത്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അറബ് സ്പോര്‍ട്സ് ഐക്കണും ഗള്‍ഫിലെ ആദ്യ വനിതാ റാലി ഡ്രൈവറുമായ നാദ സെയ്ദാന്‍ അവാര്‍ഡ് സമ്മാനിച്ചു. 17 സംഘടനകളുടെ പട്ടികയില്‍ നിന്ന് ആറ് സംഘടനകളെ അവാര്‍ഡിനായി ജൂറി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. അഞ്ച് സംഘടനകള്‍ക്ക് അപ്പ്രീഷിയേഷന്‍ അവാര്‍ഡുകള്‍ നല്‍കി.
അനന്ന – ഖത്തറിലെ ബംഗ്ലാദേശി വനിതകളുടെ അസോസിയേഷന്‍; നേപ്പാളി വിമന്‍ സൊസൈറ്റി ഖത്തര്‍; കേരള വിമന്‍ ഇനിഷ്യേറ്റീവ് ഖത്തര്‍ ; ഇന്‍കാസ് ലേഡീസ് വിംഗ് ഖത്തര്‍, ശ്രീലങ്കന്‍ വിമന്‍സ് അസോസിയേഷന്‍ ഓഫ് ഖത്തര്‍ എന്നിവയാണ് അപ്പ്രീഷിയേഷന്‍ അവാര്‍ഡുകള്‍ ലഭിച്ച സംഘടനകള്‍
ഖത്തറിലെ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയിലെ ഫാഷന്‍ ഡിസൈന്‍ അധ്യാപിക സൊനാലി രാമന്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍ മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഷേര്‍ളി റപ്പായി, ഖത്തര്‍ ടുഡേ മുന്‍ മാനേജിംഗ് എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകയുമായ സിന്ധു നായര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ജൂറി അംഗങ്ങള്‍ നല്‍കിയ വോട്ടും (പരമാവധി 70 ശതമാനം) ഓണ്‍ലൈന്‍ പോളില്‍ ലഭിച്ച വോട്ടും (പരമാവധി 30 ശതമാനം) ചേര്‍ത്താണ് വിജയികളെ തീരുമാനിച്ചത്. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ നാല് വനിതകളെ ചടങ്ങില്‍ ആദരിച്ചു. ലാലേയ് അബു അല്‍ഫായി (ഷഫല്ലാഹ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍); പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. ഖുദ്സിയ ബീഗം; ഡോ.കല്‍തം ജാബര്‍ അല്‍ കവാരി (ഖത്തറി എഴുത്തുകാരിയും കവിയും ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍); ലീല സ്മതി (ഷെയ്ഖ മോസ ബിന്‍ത് നാസറിനൊപ്പം വനിതാ സ്പോര്‍ട്സ് അസോസിയേഷന്‍ സ്ഥാപിച്ച ടീമില്‍ അംഗം, അല്‍ ജസീറ ന്യൂസ് സ്പോര്‍ട്സ് കമന്റേറ്റര്‍).
2023 ഡിസംബര്‍ ഏഴിനാണ് ന്യൂസ് ട്രെയില്‍ ദോഹയില്‍ പ്രസിദ്ധീകരണം ആരംഭിച്ചത്.