എയര്‍ ഇന്ത്യ സമരം : കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം . പ്രവാസി വെല്‍ഫെയര്‍
ദോഹ : ജീവനക്കാരുടെ സമരം മൂലം എയര്‍ ഇന്ത്യ സര്‍വീസുകള്‍ മുടങ്ങാന്‍ ഉണ്ടായ സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്നും പരിഹാരത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു .
സര്‍വീസുകള്‍ മുടങ്ങിയത് വഴി ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചത് ഗള്‍ഫ് മേഖലയിലെ പ്രവാസികളെയാണ് . ഗുരുതരാവസ്ഥയിലുള്ള ഉറ്റവരെ കാണാന്‍ പറ്റാത്തത് മുതല്‍ ജോലി നഷ്ടം വരെ സംഭവിച്ച യാത്രക്കാര്‍ ഉണ്ട് .വലിയ രൂപത്തില്‍ പ്രയാസമുണ്ടാക്കിയ പ്രവാസികള്‍ക്ക് സാധ്യമായ നഷ്ടപരിഹാരം നല്കാന് കേന്ദ്ര സര്‍ക്കാരും എയര്‍ ഇന്ത്യ മാനേജ്മെന്റും തയ്യാറാകണം .
അവശ്യ സേവന രംഗത്തുള്ള ജീവനക്കാരുടെ മുന്നറിയിപ്പില്ലാതെ സമരം ചെയ്യുന്ന രീതി നീതീകരിക്കാന്‍ ആകില്ല . അവകാശങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സമരങ്ങള്‍ മറ്റുള്ളവരുടെ പ്രാഥമിക അവകാശങ്ങളെ പോലും റദ്ദ് ചെയ്യുന്ന സ്വഭാവത്തില്‍ ആകരുത് . ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാന്‍ മാനേജ്മെന്റ് തയ്യാറാകണം . യാത്രക്കാരെ പിഴിയും വിധം യാത്രാനിരക്ക് ഈടാക്കിയിട്ടും ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സാധിച്ചില്ല എന്നത് അത്ഭുതമാണ് . ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിച്ച് എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഇടപെടണം .
കടുത്ത നടപടികളിലേക്ക് ജീവനക്കാരെ തള്ളിവിടും വിധമുള്ള സമീപനങ്ങളില്‍ നിന്ന് മാറി രമ്യതയുടെ മാര്‍ഗം സ്വീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകണം . ജീവനക്കാരുടെ അവകാശ നിഷേധങ്ങള്‍ , യാത്രക്കാരെ ദുരിതത്തിലാക്കുന്ന മിന്നല്‍ സമരങ്ങള്‍ , ഉയര്‍ന്ന യാത്രാ നിരക്ക് തുടങ്ങിയ ഈ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമ നടപടികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ – വ്യോമയാന മന്ത്രാലയങ്ങളുടെ യോജിച്ചതും സമയോചിതവുമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു . പ്രസിഡന്റ് ആര് ചന്ദ്രമോഹന്, വൈസ് പ്രസിഡണ്ടുമാരായ അനീസ് റഹ്മാന്, മജീദ് അലി, നജില നജീബ്, റഷീദ് അലി, ജനറല്‍ സെക്രട്ടറിമാരായ താസീന്‍ അമീന്, അഹമദ് ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു .