Local News

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക – പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ സദസ്സ്

ദോഹ : വിവിധ ജനവിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസാചാരങ്ങളില്‍ സ്വതന്ത്ര്യവും, അവ വ്യക്തിതലത്തില്‍ പാലിക്കുന്നതിന് അവകാശാധികാരങ്ങളും ഉണ്ടായിരിക്കുക എന്നത് ഇന്ത്യ നിര്‍മ്മിക്കപ്പെട്ടതിന്റെയും നിലനില്‍ക്കുന്നതിന്റെയും ആധാരശിലയാണെന്നും അതാണ് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതെന്നും വിവിധ പ്രവാസി സംഘടന നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാ ശില്പി ഡോ. ബി.ആര്‍ അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് ‘ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ‘സാഹോദര്യ സദസ്സില്‍’ സംസാരിക്കുകയായിരുന്നു വിവിധ പ്രവാസി സംഘടന നേതാക്കള്‍.

വംശീയ ഫാഷിസത്തിന്റെ ഏകശിലാധിഷ്ടിതമായ പ്രത്യയശാസ്ത്രമല്ല ഇന്ത്യയെന്ന രാജ്യത്തെ നിര്‍ണ്ണയിക്കുന്നതും നിലനിര്‍ത്തുന്നതുമായ ഘടനാപരമായ അസ്തിത്വം. വൈവിധ്യങ്ങളെ മാനിക്കുന്ന നാനാത്വങ്ങളുടെ ഏകതയാണ് രാജ്യത്തേയും അതിന്റെ ദേശീയതയേയും ഉപദേശീയതകളേയും കോര്‍ത്ത് ചേര്‍ത്ത് ഒരു രാഷ്ട്ര വ്യവസ്ഥയായി നിലനിര്‍ത്തുന്നത്. അത് തകര്‍ക്കപ്പെട്ടാല്‍ ശിഥിലമാവുക ഇന്ത്യയെന്ന രാഷ്ട്രം തന്നെയാണ്. സ്വതന്ത്ര ഇന്ത്യയെ രൂപപ്പെടുത്തുന്നതിലെ തത്വവും പ്രയോഗവുമാണ് ഈ വൈവിധ്യങ്ങളും അവക്കുള്ള ഭരണഘടനാ ദത്തമായ പരിരക്ഷകളും. അതിനെ ദുര്‍ബലപ്പെടുത്താനോ മറികടക്കാനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനയേയും അത് വഴി വ്യവസ്ഥയെ തന്നെയും തകര്‍ക്കലാണ്.

വഖഫ് ഭേദഗതി നിയമം മൊത്തം വഖഫ് സ്വത്ത് വകകള്‍ക്ക് മേല്‍ ഒരു വിഭാഗത്തിന്റെ അവകാശത്തെ ദുര്‍ബലപ്പെടുത്താനും അത് സര്‍ക്കാറിന്റെ സ്വത്തെന്ന വ്യാജം നിര്‍മ്മിച്ച് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ്. വഖഫ് സ്വത്തിനെ വഖഫിന്റെ അധികാരാവകാശ പരിധികളില്‍ നിന്ന് മാറ്റി ഭരിക്കുന്ന സര്‍ക്കാറിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗപ്പെടുത്തുന്നത് അവയുടെ മേലുള്ള സമ്പൂര്‍ണാധികാരം ക്രമേണെ സര്‍ക്കരിലേക്കെത്തുകയും മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനുള്ള സാമ്പത്തിക സ്രോതസ്സ് ഇല്ലാതാകുകയും ചെയ്യുക എന്നതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതിയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ അംബേദ്കറുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സാഹോദര്യ സദ്ദസ് അഭിപ്രായപ്പെട്ടു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് വൈസ് പ്രസിഡണ്ട് താജുദ്ദീന്‍, കെ.എം.സി.സി വൈസ് പ്രസിഡണ്ട് സിദ്ദീഖ് വാഴക്കാട്, വണ്‍ ഇന്ത്യ പ്രസിഡണ്ട് ഷാജി ഫ്രാന്‍സിസ്, അയ്യൂബ് ഖാന്‍ പൂന്തുറ, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സ്വാഗതവും സെക്രട്ടറി റബീഅ് സമാന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!