ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കാര്‍ണിവല്‍ മെയ് 15, 16 തീയതികളില്‍

ദോഹ. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കാര്‍ണിവല്‍ മെയ് 15, 16 തീയതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയാണ് രണ്ട് ദിവസത്തെ സാംസ്‌കാരിക ആഘോഷം നടക്കുക. അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീത കച്ചേരിയായിരിക്കും കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. സംഗീതത്തിന്റെയും വിനോദത്തിന്റെയും ഒരു ആവേശകരമായ സായാഹ്നം പ്രതീക്ഷിക്കാം.
പ്രതിദിനം 20,000-ത്തിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഐസിസി കാര്‍ണിവല്‍ 2025 ഈ വര്‍ഷത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികളില്‍ ഒന്നായിരിക്കും. ഇന്ത്യന്‍ സംസ്‌കാരത്തെ അതിന്റെ വൈവിധ്യത്തില്‍ ആഘോഷിക്കുന്നതിലൂടെ ഇന്തോ-ഖത്തര്‍ സൗഹൃദം വളര്‍ത്തിയെടുക്കാനും ഇന്ത്യന്‍ പ്രവാസി സമൂഹം തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പരിപാടി ലക്ഷ്യമിടുന്നു.