ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ. ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തു.
മേഖലയിലും അതിനപ്പുറത്തുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് സംഭാഷണവും നയതന്ത്രവും സ്വീകരിക്കുന്നതിനുള്ള അര്‍ത്ഥവത്തായ ഒരു ചുവടുവയ്പ്പായി ഈ കരാര്‍ മാറട്ടെയെന്ന് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ശാശ്വത സ്ഥിരതയും സമഗ്രവും സുസ്ഥിരവുമായ സമാധാനവും കൈവരിക്കുന്നതിന് സമാധാനപരമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തറിന്റെ പ്രസ്തവന അടിവരയിടുന്നു. അതേസമയം, ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും ഇറാനിയന്‍ ലംഘനം മേഖലയില്‍ അപകടകരമായ നടപടിയാണെന്നും എല്ലാ നിരുത്തരവാദപരമായ നടപടികളെയും തടയാന്‍ ആത്മാര്‍ത്ഥവും കൂട്ടായതുമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
ഖത്തര്‍ സമാധാനത്തിനുള്ള ഒരു പ്രേരകശക്തിയായി തുടരും. സമാധാനത്തോടുള്ള അതിന്റെ പ്രതിബദ്ധത തത്വത്തില്‍ അധിഷ്ഠിതമാണ്, പ്രത്യേക സംഭവങ്ങളോ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പരിഗണനകളോ അതിനെ സ്വാധീനിക്കുന്നില്ല. നല്ല അയല്‍പക്കത്തിന്റെ മൂല്യങ്ങള്‍ക്ക് ഖത്തര്‍ വിലകല്‍പ്പിക്കുന്നു. പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ സുരക്ഷിതവും സഹകരണപരവും സമ്പന്നവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ആത്മാര്‍ത്ഥമായ ശ്രമങ്ങളെയും ഖത്തര്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.
ഈ കരാറിന് സൗകര്യമൊരുക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ഖത്തര്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നതായും ഇരു കക്ഷികളും കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.



