‘ബേദാര്‍’ സംരംഭത്തിന്റെ അഞ്ചാം പതിപ്പ് ആരംഭിച്ചു

ദോഹ: ‘ബേദാര്‍’ സംരംഭത്തിന്റെ അഞ്ചാം പതിപ്പ് ആരംഭിച്ചു. ഖത്തര്‍ ഷെലും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്നാണ്
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ബേദാര്‍ പദ്ധതിയുടെ അഞ്ചാം പതിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 15 പ്രാദേശിക കമ്പനികളില്‍ നിന്നുള്ള 1,000-ത്തിലധികം തൊഴിലാളികളുടെ പങ്കാളിത്തത്തോടെ വെള്ളിയാഴ്ച അല്‍ ഖോര്‍ സ്പോര്‍ട്സ് ക്ലബ്ബിലാണ് ‘ബേദാര്‍’ സംരംഭത്തിന്റെ അഞ്ചാം പതിപ്പിന് തുടക്കമായത്.
ആഭ്യന്തര മന്ത്രാലയത്തിന്റെയും ഖത്തര്‍ ഷെല്ലിന്റെയും പങ്കാളിത്തത്തോടെയും വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ട്, ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ്, വസീഫ്, അല്‍ ഖോര്‍ സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയും സംഘടിപ്പിച്ച ഈ സംരംഭം, സുരക്ഷ, ആരോഗ്യം, ഖത്തരി സംസ്കാരം എന്നീ മേഖലകളില്‍ തൊഴിലാളികളുടെ അവബോധം വളര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. മാനസികാരോഗ്യത്തിലും വ്യക്തിഗത പരിചരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, അവരെ സമൂഹത്തിലും ദേശീയ പ്രവര്‍ത്തനങ്ങളിലും സംയോജിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
മാനസികാരോഗ്യം, മയക്കുമരുന്ന് അപകടസാധ്യതകള്‍, ഗതാഗത സുരക്ഷ, സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കല്‍, ഖത്തറി പാരമ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധ, പരിശീലന ശില്പശാലകളുടെ ഒരു പരമ്പരയും പരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നു. ജോലി സമ്മര്‍ദ്ദം ഒഴിവാക്കാനും പൊതുവായ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പ്രായോഗിക പരിപാടികള്‍ വിദഗ്ധര്‍ അവതരിപ്പിച്ചു.