ഖത്തറിലെ കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് സൗജന്യ റേഡിയോളജി സേവനങ്ങള്‍ നല്‍കുന്നതിന് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസും ഐ.സി.ബി.എഫും ധാരണാപത്രം ഒപ്പുവച്ചു
ദോഹ. ഖത്തറിലെ പ്രമുഖ സ്വകാര്യ മേഖലാ പ്രിസിഷന്‍ ഡയഗ്നോസ്റ്റിക് സെന്ററായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്, ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബിനെവെലന്റ് ഫോറവുമായി ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് സൗജന്യ റേഡിയോളജി സേവനങ്ങള്‍ നല്‍കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യന്‍ അംബാസഡര്‍ വിപുലിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി & ഐസിബിഎഫ് കോ-ഓര്‍ഡിനേറ്റിങ് ഓഫീസറായ ഐശ് സിങാള്‍, ഐ.സി.ബി.എഫ് ഭാരവാഹികള്‍, മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
പ്രവാസി സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഇരുസംഘടനകളും പങ്കുവയ്ക്കുന്ന പ്രതിബദ്ധതയുടെ പ്രധാന നേട്ടമായാണ് ഈ സഹകരണം വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി, മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് 200,000/ റിയാലിന്റെ സൗജന്യ റേഡിയോളജി പരിശോധനകള്‍ നല്‍കുമെന്ന് സാരഥികള്‍ അറിയിച്ചു.
ഇതില്‍ എക്സ്-റേ, അള്‍ട്രാസൗണ്ട്, എം.ആര്.ഐ, സി.ടി. സ്കാന്‍, മാമോഗ്രാഫി എന്നിവ ഉള്‍പ്പെടുന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്കു സാധാരണയായി സാമ്പത്തികമായി പ്രാപ്യമല്ലാത്ത സേവനങ്ങളാണിവ.
ഐസിബിഎഫ് നിര്‍ദേശിക്കുന്ന രോഗികളെയാണ് ഗുണ ഭോക്താക്കളായി തിരഞ്ഞെടുക്കുക. ഇതിന് പുറമെ ഐ.സി.ബി.എഫ് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് എല്ലാ ലബോറട്ടറി പരിശോധനകളിലും 30% ഇളവ് നല്‍കാനും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അര്‍ഹരായ പ്രവാസികള്‍ക്ക് ചികിത്സാ ചിലവ് ഗണ്യമായി കുറയുന്നു.
കഴിഞ്ഞ 16 വര്‍ഷത്തിലേറെയായി വിജയകരമായി നടപ്പിലാക്കിവരുന്ന, കുറഞ്ഞ നിരക്കിലുള്ള ജീവിത ശൈലീ രോഗ പരിശോധനാ ക്യാമ്പെയ്ന് മുഖേന, രോഗ പ്രതിരോധ രംഗത്തെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ ദീര്‍ഘകാല പ്രതിബദ്ധതയിലേക്കുള്ള തുടര്‍ച്ചയായ ഒരു ചുവടുവയ്പ്പാണ് ഈ പദ്ധതി.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ചെലവേറിയ റേഡിയോളജി സേവനങ്ങള്‍ ലഭ്യമാക്കിയതിന് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിനെ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ആരോഗ്യ പരിചരണത്തിലേക്കുള്ള ഒരു വലിയ മുന്നേറ്റമായാണ് അദ്ദേഹം ഈ പദ്ധതിയെ വിശേഷിപ്പിച്ചത്.മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഡോ. നൗഷാദ് സി.കെ. ഈ സഹകരണത്തില്‍ അഭിമാനം പ്രകടിപ്പിച്ചു.
”ഐസിബിഎഫുമായി ഉള്ള ഈ പങ്കാളിത്തം ആരോഗ്യ സേവനങ്ങള്‍ നല്കുന്നതിലപ്പുറം, സാമ്പത്തിക സ്ഥിതിവിശേഷം നോക്കാതെ എല്ലാവര്ക്കും ആരോഗ്യ സേവനം ലഭ്യമാക്കാനുള്ള ഒരു പ്രതിബദ്ധതയാണ്. കരുണ, ഉള്‍ക്കൊള്ളല്‍, സേവനം എന്നീ മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന ഈ സംരംഭം, ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങളെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു
ധാരണാപത്രം ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവയും, മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. നൗഷാദ് സി.കെ.യും തമ്മില്‍ ഔദ്യോഗികമായി കൈമാറി. ഈ പദ്ധതി പൂര്‍ണ്ണമായ ഉത്തരവാദിത്തത്തോടെയും പരസ്പര വിശ്വാസത്തോടെയും നടപ്പിലാക്കുമെന്നും, സേവനങ്ങള്‍ യഥാര്‍ത്ഥ അര്‍ഹതയുള്ളവര്‍ക്ക് മാത്രം എത്തിക്കുന്നതിനും ദുരുപയോഗം ഒഴിവാക്കുന്നതിനും കര്‍ശനമായ സംവിധാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഇരുവരും അറിയിച്ചു.
ചടങ്ങ് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ ഗ്ലോബല്‍ ചീഫ് സ്ട്രാറ്റജിക് ഓഫീസറും സി.എസ്.ആര് മേധാവിയുമായ അല്‍ക മീര സണ്ണി നിയന്ത്രിച്ചു. ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി നന്ദി പറഞ്ഞു
ചടങ്ങില്‍ ഐസിബിഎഫ് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് വര്‍ക്കി ബോബന്, മുന്‍ ഐസിബിഎഫ് പ്രസിഡന്റുമാരായ നീലാംശു ഡേ, ശ്രീ ഡേവിസ് എടക്കലത്തൂര്‍, എന്‍.വി. ഖാദര്‍, ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, ഐബിപിസി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയില്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി സുശാന്ത്, ശങ്കര്‍ ഗൗഡ്, ഇര്ഫാന് അന്‍സാരി, എംബസിയുടെ കീഴിലുള്ള വിവിധ അപെക്സ് ബോഡികളുടെ നിലവിലുള്ളതും മുന്തലമുറയിലേതുമായ ഭാരവാഹികള്‍, കമ്മ്യൂണിറ്റി നേതാക്കള്‍, ഐസിബിഎഫ് അസോസിയേറ്റ് ഓര്ഗനൈസേഷന് പ്രസിഡന്റുമാര്‍, മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെയും കാന്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്ങിന്റെയും പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ബി എഫ് ഭാരവാഹികളുമായി താഴെ നല്കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് :
റഷീദ് അഹമ്മദ് (വൈസ് പ്രസിഡന്റ് ) +974 55 85 4543
ജാഫര്‍ തയ്യില്‍ (സെക്രട്ടറി ) +974 55 00 2548
[email protected]
