IM Special

വിഷു : പ്രകൃതിയുടെ ഉത്സവം ; പ്രതീക്ഷയുടെ പൂത്തിരികളും


ബഷീര്‍ വടകര

കേരളത്തിന്റെ മണ്ണില്‍ ഓരോ വര്‍ഷവും വിഷു വരുന്നത് ഒരു ആഘോഷം മാത്രമായല്ല അത് പ്രകൃതിയുടെ അതിജീവന പുതുജീവനത്തിന്റെ ശബ്ദമായി കൂടിയാണ്.

കര്‍ക്കിടകത്തിന്റെ കനത്ത മഴകളും കഷ്ടപ്പാടുകളും പിന്നിട്ട്, പുത്തന്‍ വിളവിന്റെ പ്രതീക്ഷയോടെ നിലങ്ങള്‍ പച്ചപ്പിന്റെ പുതു വസ്ത്രം അണിയുന്ന വസന്തകാല കാഴ്ചയാണ് വിഷു.

കണി കണ്ടുണരുന്ന കണ്ണുകളില്‍ പ്രതീക്ഷയുടെ വെളിച്ചം നിറയുന്നു; കൈ നീട്ടം സ്വീകരിക്കുന്ന മനസ്സുകളിലും പ്രതീക്ഷയോടെ വിത്തുകള്‍ വിതറപ്പെടുന്നു.

കൃഷിയാണ് കേരളത്തിന്റെ ആത്മാവ് – മണ്ണിന്റെ നന്മയും കര്‍ഷകന്റെ വിയര്‍പ്പുമാണ് നമ്മുടെ ഭക്ഷണത്തിന്റെ അടിസ്ഥാനം എന്ന് വിഷു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഓരോ വിത്തിനും ഒരായിരം ഭാവിവിളവുകള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്, ഓരോ കൃഷിയിലും ഒരു വലിയ ജീവിതമുണ്ട്. പാടങ്ങള്‍ പച്ചപുതച്ച് നില്‍ക്കുമ്പോള്‍ മനുഷ്യന്റെ പരിശ്രമവും പ്രകൃതിയുടെ കരുണയും ഒന്നായി ചേരുന്ന ദൃശ്യം നമ്മെ വിസ്മയിപ്പിക്കുന്നു.

മണ്ണില്‍ ജനിച്ച് മണ്ണില്‍ കളിച്ചു മണ്ണില്‍ വിതച്ച് മണ്ണില്‍ കൊയ്ത് മണ്ണിന്റ ഭാഗമാകുന്ന കര്‍ഷകന്റെ ഹര്‍ഷോന്മാദത്തിന്റെ ആഘോഷമാണ് വിഷു

കാലം മാറിയാലും സാങ്കേതികത വളര്‍ന്നാലും മനുഷ്യന്റെ മനസ്സില്‍ നന്മയുടെ വിത്ത് നിലനില്‍ക്കണം എന്ന സന്ദേശം വിഷു നല്‍കുന്നു.

പ്രകൃതിയോട് സൗഹൃദത്തോടെ സഹവസിക്കണം, മണ്ണിനെ ആദരിക്കാനും, സഹജീവികളോട് കരുണ പുലര്‍ത്താനും നമ്മെ ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.

മാനവികതയുടെ മഹത്തായ സന്ദേശം എന്ന പോലെ വിഷു നമ്മോട് പറയുന്നത് സമ്പത്ത് നേടുന്നത് മാത്രമല്ല പങ്കുവെക്കലും നന്മയാണ് എന്നും കൂടിയാണ് ‘

കൈനീട്ടം നല്‍കുന്ന കൈകള്‍ക്കിടയില്‍ നിന്ന് മനുഷ്യസ്‌നേഹത്തിന്റെ ഒരു ലോകം പിറക്കുന്നു. ഈ ചെറിയ പ്രവര്‍ത്തിയില്‍ പോലും സമൂഹത്തിന്റെ വലിയ ഐക്യം തെളിയുന്നു.

കേരളത്തിന്റെ പച്ചപ്പും, കായലുകളും, കുന്നുകളും, കൃഷിയിടങ്ങളും എല്ലാം ചേര്‍ന്ന് വിഷുവിനെ ഒരു ജീവിക്കുന്ന അനുഭവമാക്കുന്നു.

പ്രകൃതിയുടെ ഹൃദയത്തില്‍ നിന്ന് ഉയരുന്ന ഈ ഉത്സവം നമ്മെ വീണ്ടും വീണ്ടും മണ്ണിന്റെ മണമുള്ള മനുഷ്യരാക്കുന്നു പ്രതീക്ഷയുള്ളവരാക്കുന്നു, കരുണയുള്ളവരാക്കുന്നു, ഋതുഭേദങ്ങളുടെ നിയമമറിയുന്ന പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്നവരാക്കുന്നു.

വിഷു ഒരു ഉത്സവം മാത്രമല്ല അത് ജീവിതത്തിന്റെ പ്രതീക്ഷയുടെ പുനര്‍വായനയാണ്. ‘

മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം