കാസറഗോഡ് മെഡിക്കല്‍ കോളേജ് ഫണ്ട് വകമാറ്റല്‍: സര്‍ക്കാര്‍ ജനദ്രോഹ നടപടിയില്‍ നിന്ന് പിന്മാറണം :ഖത്തര്‍ കെഎംസിസി

ദോഹ. കാസറഗോഡ് ജില്ലയിലെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണത്തിനായി അനുവദിച്ച ഫണ്ട് മറ്റൊരു സ്ഥാപനത്തിലേക്ക് വകമാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനദ്രോഹപരവുമാണെന്ന് ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വര്‍ഷങ്ങളായി ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം കാസറഗോഡ് ജില്ല അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. എന്നാല്‍ ജനങ്ങളുടെ ഈ അവകാശത്തെ തന്നെ അവഗണിച്ചുകൊണ്ട് ഫണ്ട് വകമാറ്റിയ സര്‍ക്കാര്‍ നടപടി ജില്ലയിലെ ജനങ്ങളോടുള്ള തുറന്ന വഞ്ചനയാണ്.
ആരോഗ്യ മേഖലയെ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ച് ആരോഗ്യ മന്ത്രിയുടെ നിലപാട് അത്യന്തം നിരാശാജനകമാണ്. കാസറഗോഡിനെ വീണ്ടും വീണ്ടും അവഗണിക്കുന്ന ഈ സമീപനം രാഷ്ട്രീയ വിവേചനത്തിന്റെ ഭാഗമാണോ എന്ന് ജനങ്ങള്‍ സംശയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കാസറഗോഡ് ജില്ലയില്‍ നടക്കുന്ന ജനകീയ സമരങ്ങളെ അവഗണിക്കുകയും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പകരം ഫണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഫണ്ട് ഉടന്‍ തിരികെ അനുവദിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
കാസറഗോഡ് ജില്ലയിലെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് അന്‍വര്‍കടവത്തും ജനറല്‍ സെക്രട്ടറി അബ്ദുല്‍റഹിമാന്‍ എരിയാല്‍ മുന്നറിയിപ്പ് നല്‍കി

