പ്രവാസി ക്ഷേമ പദ്ധതികള്‍ അറിയാം – കാമ്പയിന് തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ : ‘പ്രവാസി ക്ഷേമ പദ്ധതികള്‍ -അറിയാം ‘എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ ആരംഭിച്ചു. ഏഷ്യന്‍ ടൗണിലെ ഗ്രാന്റ്മാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാന്റ് മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ പ്രവാസി ക്ഷേമ നിധി അപേക്ഷാ ഫോം സ്വീകരിച്ച് കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രവാസികള്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണക്കാരന് പ്രാപ്യമാക്കുന്ന കള്‍ച്ചറല്‍ ഫോറത്തിന്റെ കാമ്പയിന്‍ മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് സ്‌കീം പ്രചരണോദ്ഘാടനം സ്‌കീമിലേക്കുള്ള അപേക്ഷാ ഫോം സ്വീകരിച്ച് കൊണ്ട് ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍ നിര്‍വ്വഹിച്ചു. പദ്ധതിയില്‍ അംഗത്വമെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും ആനുകൂല്യങ്ങളും അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി.
നോര്‍ക്ക അംഗത്വ പ്രചരണം അപേക്ഷ ഫോം സ്വീകരിച്ച് കൊണ്ട് കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ് നിര്‍വ്വഹിച്ചു. പ്രവാസികളെ സര്‍ക്കാറിന്റെ വിവിധ പദ്ദതികളുടെ ഗുണഭോക്താക്കളാക്കുക എന്നതോടൊപ്പം തന്നെ പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിനും നോര്‍ക്കയ്ക്കും സമര്‍പ്പിക്കുക എന്നത് കൂടിയാണ് കാമ്പയിന്‍ കൊണ്ട് ലക്ഷമിടൂന്നതെന്ന് അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും 3500
രൂപയിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയതായി അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ സെക്രട്ടറി മുഹമ്മദ് ഷരീഫ്, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് സ്വാഗതവും കള്‍ച്ചറല്‍ ഫോറം നോര്‍ക്ക സെല്‍ സെക്രട്ടറി ഉവൈസ് എറണാകുളം നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രാന്‍ മാളില്‍ സജ്ജീകരിച്ച നാലു ബൂത്തുകള്‍ വഴി നൂറുകണക്കിനാളുകള്‍ വിവിധ പദ്ധതികളില്‍ അംഗത്വമെടുത്തു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, അല്‍ജാബിര്‍, നിസ്താര്‍, ഷറഫുദ്ദീന്‍ എം.എസ്, മുഹമ്മദ് ഷുഐബ് , തുടങ്ങിയവര്‍ ബൂത്തുകള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ പദ്ധതികള്‍ പ്രവാസി മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി പരമാവധി ആളുകളെ അതില്‍ അംഗങ്ങളെ ആക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്. വിവിധ ജില്ല കമ്മിറ്റികള്‍ക്കും മണ്ഡലം കമ്മിറ്റികള്‍ക്കും കീഴില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും അംഗത്വം എടുക്കാനുള്ള ബൂത്തുകളും ക്യാമ്പയിന്‍ കാലത്ത് ഒരുക്കും. വിവിധ പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ചും പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി പ്രവാസി കൂട്ടായ്മകള്‍ക്ക് 7062 9272 എന്ന നമ്പറില്‍ ബന്ധപ്പെടാം