രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി ഹസം മെബൈരീഖ് ഹോസ്പിറ്റല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹസം മെബൈരീഖ് ജനറല്‍ ഹോസ്പിറ്റലില്‍ രണ്ട് വര്‍ഷത്തിനിടെ 10,000 ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയതായി റിപ്പോര്‍ട്ട്. യൂറോളജി, ഓര്‍ത്തോപീഡിക്സ്, പ്ലാസ്റ്റിക് സര്‍ജറി, അടിയന്തിര ശസ്ത്രക്രിയകള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്പെഷ്യാലിറ്റി സര്‍ജറികള്‍ അടക്കമാമിത്. എച്ച്എംസിയുടെ ആക്ടിംഗ് അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടര്‍ അലി അല്‍ ജാനാഹി, എച്ച്എംസി ചീഫ് മെഡിക്കല്‍ ഓഫീസറും സര്‍ജറി ചെയര്‍മാനുമായ ഡോ. അബ്ദുല്ല അല്‍ അന്‍സാരി, ഹസം മെബൈരീഖ് ജനറല്‍ ഹോസ്പിറ്റല്‍ സിഇഒ ഹുസൈന് ഇസ്ഹാഖ് ഹസം മെബൈരീക് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഹ്മദ് അല്‍ മുഹമ്മദ്, നിരവധി സര്ജന്മാര്, ഫിസിഷ്യന്മാര്, ആശുപത്രി സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആശുപത്രി അടുത്തിടെ ഈ നേട്ടം ആഘോഷിച്ചു.
24 മാസത്തിനുള്ളില്‍ 10,000 ശസ്ത്രക്രിയകള്‍ ഹസം മെബൈരീഖ് ജനറല്‍ ഹോസ്പിറ്റലില്‍ നടത്തിയത് ശ്രദ്ധേയമായ നേട്ടമാണെന്നും ആശുപത്രിയുടെ വികസനത്തിന്റെയും പുരോഗതിയുടെയും വിജയകരമായ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്നും ഡോ.അബ്ദുല്ല അല്‍ അന്‍സാരി വിശദീകരിച്ചു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം ശസ്ത്രക്രിയകള്‍ നടത്തുന്നത് ആശുപത്രിയുടെ ഭരണനേതൃത്വത്തിന്റെയും വിശിഷ്ട സര്ജന്മാരുടെ സംഘത്തിന്റെയും കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
‘രോഗികള്‍ക്ക് നല്കുന്ന പരിചരണത്തിന്റെ ഗുണനിലവാരം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിലൂടെയും അന്തര്‍ദ്ദേശീയമായി അംഗീകരിക്കപ്പെട്ട മികച്ച രീതികള്‍ അവലംബിക്കുന്നതിലൂടെയുമാണ് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് മുന്നേറുന്നത്.
10,0000 ശസ്ത്രക്രിയകളില്‍ 50 ശതമാനവും അടിയന്തര ശസ്ത്രക്രിയ വിഭാഗത്തിലാണ് നടന്നതെന്നും 25 ശതമാനം യൂറോളജിക്കല്‍ സര്‍ജറികള്‍ നടത്തിയെന്നും ഹസം മെബൈറീക്ക് ജനറല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും യൂറോളജി വിഭാഗം മേധാവിയുമായ ഡോ. മോര്ഷെഡ് അലി സലാഹ് വിശദീകരിച്ചു. 18 നും 80 നും ഇടയില്‍ പ്രായമുള്ള രോഗികളിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹോസ്പിറ്റലിലെ ആറ് ഓപ്പറേഷന് റൂമുകള്‍ 85% ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ മാസവും 600 ശസ്ത്രക്രിയകള്‍ നടത്തുന്ന 35 സര്ജന്മാര് അടങ്ങുന്ന ഒരു ടീമാണ് ഉള്ളതെന്നും ഡോ. മോര്ഷെഡ് പറഞ്ഞു.