ഓതേഴ്സ് ഫോറം ഇഫ്താര്‍ മജ്ലിസ് സംഘടിപ്പിച്ചു
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം, ശഹാനിയയിലുള്ള ഫാം ഹൗസ് ടെന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം വൈവിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും കുടുംബങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ടും വേറിട്ട അനുഭവമായി.
മുതിര്‍ന്നവരുടേത് മാത്രമായി മാറുന്ന ഇഫ്താര്‍ സംഗമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും മനസ്സുതുറന്ന് അടുത്തിടപഴകാനും പരസ്പരം സ്നേഹം പങ്കിടാനും ഇഫ്താര്‍ മജ്ലിസ് എന്ന് പേരിട്ട ഒത്തുചേരല്‍ അവസരമൊരുക്കി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം തരുന്ന ചെറിയ ഗെയിമുകള്‍, പങ്കുവെക്കലുകള്‍, കളി തമാശകള്‍ എന്നിവക്ക് പുറമെ മുതിര്‍ന്ന അംഗങ്ങള്‍ക്കും ലളിതമായ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരുന്നു. മജ്ലിസിലെത്തിയ മുഴുവന്‍ അംഗങ്ങളെയും മൂന്ന് ഗ്രൂപ്പുകളാക്കിയാണ് പരിപാടികള്‍ നടത്തിയത്.
ഔപചാരികതകളൊന്നുമില്ലാതെ ഒരു തറവാട്ടുമുറ്റത്തെ ഒത്തുചേരലെന്നോണം നടന്ന പരിപാടിയില്‍ ഓതേഴ്സ് ഫോറം പ്രസിഡണ്ട് ഡോക്ടര്‍ സാബു കെ സി, ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ കടന്നമണ്ണ എന്നിവര്‍ സംസാരിച്ചു. ഫോറം എക്സിക്യൂട്ടിവ് മെമ്പര്‍മാരായ തന്‍സിം കുറ്റ്യാടി, അഷറഫ് മടിയാരി, അന്‍വര്‍ ബാബു, അന്‍സാര്‍ അരിമ്പ്ര, ഹുസ്സൈന്‍ വാണിമേല്‍, ഷംന ആസ്മി, ശ്രീകല ജിനന് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.