തൊഴിലാളികള്‍ക്കായി ഐ.സി.ബി.എഫ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്കായി ഐ.സി.ബി.എഫ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി. ഏകദേശം 2000 തൊഴിലാളികള്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ സുമന് സോന്‍കര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഡെസര്‍ട്ട് ലൈന്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 48 ലെ ലേബര്‍ ക്യാമ്പില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്.
ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പരിശുദ്ധ റംസാന് മാസത്തില്‍ ജാതി മത ഭേദമന്യേയുള്ള ഇത്തരം ഒത്തുചേരലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഡെസേര്‍ട്ട് ലൈന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, ഐ സി ബി എഫ് ഉപദേശക സമിതി അംഗവുമായ അരുണ്‍കുമാര്‍, സാമൂഹിക സേവനത്തിനും, ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടിയുള്ള ഡെസേര്‍ട്ട് ലൈന്‍ ഗ്രൂപ്പിന്റെ പ്രതിബദ്ധതയെക്കുറിച്ച് സംസാരിച്ചു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സ്വാഗതവും ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന് നന്ദിയും പറഞ്ഞു.
ഐ.സി.ബി.എഫ് മുന്‍ പ്രസിഡണ്ട് വിനോദ് വി നായര്‍, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ റഊഫ്, ശങ്കര്‍ ഗൗഡ്, കുല്‍ദീപ് കൗര്‍, സറീന അഹദ്, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗം എബ്രഹാം ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
ബന്ധങ്ങളുടെ ആര്‍ദ്രതയും, പങ്കുവെക്കലിന്റെ പ്രസക്തിയും കൂടുതല്‍ ഊട്ടി ഉറപ്പിക്കേണ്ട സമകാലിക സാഹചര്യത്തില്‍, വിശുദ്ധ റമദാന് മാസത്തിന്റെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായാണ് നോമ്പുതുറയില്‍ പങ്കെടുത്ത തൊഴിലാളികള്‍ മടങ്ങിയത്.