സൗഹൃദ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഖത്തര്‍ മലയാളി സമ്മേളനം സമാപിച്ചു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തില്‍ നടന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനം മഹത്തായ സൗഹൃദ സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സമാപിച്ചു.
ആസ്പയര്‍ സോണ്‍ ലേഡിസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ഖത്തറിലെ നാനാതുറകളില്‍ നിന്നും വന്‍ജനാവലിയാണ് പങ്കെടുത്തത്.
ഉദ്ഘാടന സമ്മേളനം, ടീന്‍സ് ആന്‍ഡ് പാരന്റ്‌സ് മീറ്റ്, ഫാമിലി മീറ്റ്, മീഡിയ സെമിനാര്‍, സമാപന സമ്മേളനം എന്നീ സെഷനുകളിലായി ഖത്തറിലെയും കേരളത്തിലെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രിയ മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്.
ഇന്ത്യന്‍ സമൂഹം ഇത്തരം ശക്തമായ ഇടപെടലുകള്‍ നടത്തുന്നത് പ്രശംസനീയമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ പ്രസ്താവിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം നേടിയ സാമ്പത്തികവും സാംസ്‌ക്കാരികവുമായ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവാസികളുടെ കയ്യൊപ്പുണ്ട് എന്ന് സമാപനസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കേരളത്തിന്റെ നന്മയെ ഒരുമിച്ച് നിര്‍ത്താന്‍ എല്ലാ രാഷ്ടിയ വ്യത്യാസവും മറക്കുന്ന സൗഹൃദമുണ്ടാകണമെന്ന് കെ മുരളിധരന്‍ എം.പിയും ജോണ്‍ ബ്രിട്ടാസ് എം.പിയും അഭിപ്രായപ്പെട്ടു.
വേള്‍ഡ് കപ്പില്‍ ഖത്തര്‍ പ്രസരിപ്പിച്ച മാനവികതയുടെ തുടര്‍ച്ചയാണ് ഈ സമ്മേളനമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ജമാലുദ്ദിന്‍ ഫാറൂഖി കൂട്ടി ചേര്‍ത്തു.
സ്ത്രീപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ് മലയാളി സമ്മേളനം; കേരള സ്ത്രീകളുടെ മാതൃകയാണ് കേരള സംസ്‌ക്കാരത്തെ നിര്‍ണ്ണയിച്ചത്. പറഞ്ഞു പഠിപ്പിക്കാതെ നിര്‍മ്മിച്ചെടുക്കുന്നതാകണം സംസ്‌ക്കാരം എന്നും സമാപന ചടങ്ങില്‍ സംസാരിച്ച ഡോ. മല്ലിക എം.ജി പറഞ്ഞു.
ഭയത്തിന്റെ രാഷ്ട്രിയത്തെ പ്രതിരോധിക്കാന്‍ കരുതലും സ്‌നേഹവുമാണ് വേണ്ടത്. കൊറോണയേക്കാള്‍ മാരക വൈറസാണ് പകയും വിദ്വേഷവും. നല്ല വാക്‌സിന്‍ കരുതലും സ്‌നേഹവും തന്നെയാണ് എന്ന് ബിഷപ് ഡോ. ഗീ വര്‍സീസ് മാര്‍ കുറിലോസ് പറഞ്ഞു.
സമാപന സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഐ സി സി പ്രസിഡണ്ട് എ.പി മണികണ്ഡന്‍ സംസാരിച്ചു.
അടുത്ത ഖത്തര്‍ മലയാളി സമ്മേളനം 2026 നവംബറില്‍ നടക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡണ്ട് കെ. എന്‍ സുലൈമാന്‍ മദനി പ്രഖ്യാപിച്ചു.
സമ്മേളത്തിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയ വീട്ടില്‍ സ്വാഗതവും കണ്‍വീനര്‍ അലി ചാലിക്കര നന്ദിയും പറഞ്ഞു. ഷജീഅ് ഖിറാഅത്ത് നടത്തി.
പ്രശസ്ത കലാകാരന്‍ ബന്ന ചേന്ദമംഗല്ലൂര്‍ സമാപന സെഷന്‍ അവതാരകനായിരുന്നു. മുജീബ് മദനി, സിറാജ് ഇരിട്ടി, ബുഷ് റഷമീര്‍, ദില്‍ബ മിദ്‌ലാജ്, സിജില സഫീര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അവതാരകരായിരുന്നു.