
മൈന്റ് ട്യൂണ്‍ എക്കോവേവ്‌സിന്റെ പരിസ്ഥിതി ദിന സംഗമം
അമാനുല്ല വടക്കാങ്ങര
ദോഹ. ‘ഒരേ ഒരു ഭൂമി’ എന്ന പ്രമേയത്തില്‍ ലോകം പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഗ്ലോബല്‍ മൈന്റ്ട്യൂണ്‍ എക്കോ വേവ്‌സ് സൊസൈറ്റി ഖത്തര്‍ കമ്മ്യൂണ്‍ പരിസ്ഥിതി ദിന ആചരണത്തില്‍ പങ്ക് കൊണ്ടു.
പ്രപഞ്ചം എത്രയോ വിശാലവും കോടിക്കണക്കിന് നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്യാലക്‌സികളും സൂപ്പര്‍ ഗ്യാലക്‌സികളും ഉണ്ടെങ്കിലും വാസയോഗ്യമായ ഒരേ ഒരു ഭൂമി മാത്രമേ ഉള്ളൂവെന്നും അതിന്റെ സംരക്ഷണം മനുഷ്യകരങ്ങളിലാണെന്നും സംഗമം വിലയിരുത്തി.
പ്രകൃതിയോടും ഭൂമിയിലെ സകല ചരാചരങ്ങളോടും ശ്രദ്ധയോടെയുള്ള സമീപനം അത്യന്താപേക്ഷികമാണെന്നും വിലയിരുത്തി. വിഭവങ്ങളുടെ ശരിയായ വിനിയോഗം കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശീലിക്കേണ്ടതാണെന്നും ചെറുപ്പത്തില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ശീലമാക്കേണ്ട ഉത്തരവാദിത്വം മുതിര്‍ന്ന തലമുറക്കാണെന്നും ഓര്‍മ്മിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണത്തില്‍ ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോക മാതൃക സൃഷ്ടിക്കുന്നതില്‍ പ്രവാസി സമൂഹം അഭിമാനം കൊള്ളുന്നതായി സംഗമം വിലയിരുത്തി
മൈന്‍ഡ് ട്യൂണ്‍ എക്കോവേവ്‌സ് ഗ്‌ളോബല്‍ സെക്രട്ടറി ജനറല്‍ വി.സി. മശ്ഹൂദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി , ഷമീര്‍ പി.എച്ച്. ജാഫര്‍ മുറിച്ചാണ്ടി , സയീദ് സല്‍മാന്‍ ,ബഷീര്‍ നന്മണ്ട ,മജീദ് പാലക്കാട് ,ബൈജു പി മൈക്കിള്‍ , ഫാസില മശ്ഹൂദ്, ശബ്നം ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുത്തലിബ് മട്ടന്നൂര്‍ സ്വാഗതവും അബ്ദുല്ല പൊയില്‍ നന്ദിയും പറഞ്ഞു.