കോവിഡാനന്തര ലോകത്തെ സാമ്പത്തിക വെല്ലുവിളികള്‍ വിശകലനം ചെയ്ത ഖത്തര്‍ ഇക്കണോമിക് ഫോറം സമാപിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡാനന്തര ലോകത്തെ സാമ്പത്തിക വെല്ലുവിളികള്‍ വിശകലനം ചെയ്ത ഖത്തര്‍ ഇക്കണോമിക് ഫോറം സമാപിച്ചു. ബ്ലൂംബെര്‍ഗുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ട ഖത്തര്‍ ഇക്കണോമിക് ഫോറം നൂറിലധികം പ്രഭാഷകര്‍, സിഇഒമാര്‍, ഡിസിഷന്‍ മെക്കേര്‍സ്, രാഷ്ട്ര തലവന്മാര്‍, പ്രചോദനാത്മക വ്യക്തികള്‍ തുടങ്ങിവരോടൊപ്പം ലോകമെമ്പാടുമുള്ള രണ്ടായിരത്തിലധികം പ്രമുഖരുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട്് ശ്രദ്ധേയമായി.
വിപുലമായ ആഗോള പങ്കാളിത്തത്തോടെ അറബ് മേഖലയിലെ ആദ്യത്തേതായ അന്താരാഷ്ട്ര പരിപാടി, കൊറോണ വൈറസിന് ശേഷമുള്ള ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കുന്ന ദര്‍ശനങ്ങളും പ്രവണതകളുമാണ് ചര്‍ച്ച ചെയ്തത്. പശ്ചിമേഷ്യയുടെയും വടക്കേ ആഫ്രിക്കയുടെയും വീക്ഷണകോണില്‍ നിന്ന് ആഗോള സമ്പദ്വ്യവസ്ഥയുടെ സാധ്യതകളെ പുനര്‍വിചിന്തനം ചെയ്ത പരിപാടി എന്ന നിലക്കും ഖത്തര്‍ ഇക്കോണമിക് ഫോറം വ്യതിരിക്തമായി .
വെര്‍ച്വല്‍ ഫോറത്തില്‍ സംസാരിച്ച പ്രമുഖ നേതാക്കളില്‍ ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക് പ്രസിഡന്റ് സിറില്‍ റമാഫോസയ, റുവാണ്ട റിപ്പബ്ലിക് പ്രസിഡന്റ് പോള്‍ കഗാമെ; അര്‍മേനിയ റിപ്പബ്ലിക് പ്രസിഡന്റ് അര്‍മെന്‍ സര്‍ക്കിസിയന്‍; തുര്‍ക്കി റിപ്പബ്ലിക് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍; ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ പ്രസിഡന്റ് ഫെലിക്‌സ് ഷിസെകെഡി; പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജെദ്; യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍; സെനഗല്‍ റിപ്പബ്ലിക് പ്രസിഡന്റ് മാക്കി സാല്‍ തുടങ്ങിയവരുള്‍പ്പെടും.