IM Special

ഖുര്‍ആന്‍ മലയാളം മലയാളികള്‍ക്കുള്ള വിലപ്പെട്ട സമ്മാനം :വി.ഡി. സതീശന്‍

അമാനുല്ല വടക്കാങ്ങര

കൊച്ചി : വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും മനോഹരമായ വ്യാഖ്യാനം എന്ന് ലോകം വിലയിരുത്തിയിട്ടുള്ള അബ്ദുല്ല യൂസുഫ് അലിയുടെ ഇംഗ്ലീഷ് വ്യാഖ്യാന ഗ്രന്ഥത്തിന്റെ മലയാള മൊഴിമാറ്റമായ ‘മലയാളം ഖുര്‍ആന്‍’ മുഴുവന്‍ മലയാളികള്‍ക്കുമുള്ള വിലപ്പെട്ട സമ്മാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എം.ല്‍െ. എ അഭിപ്രായപ്പെട്ടു. തന്റെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ മലയാള വിവര്‍ത്തകനായ വി.വി.എ. ശുക്കൂറില്‍ നിന്ന് ഗ്രന്ഥം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.


1934-ല്‍ അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷില്‍ തയാറാക്കിയ വിശ്വവിഖ്യാതമായ ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാനവും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പരമ്പരാഗത രീതിയിലുള്ള ഖുര്‍ആന്‍ വ്യാഖ്യാനത്തിനപ്പുറം ഖുര്‍ആന്റെ ആശയപ്രകാശനത്തിന് പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ട് ഇതര മതവിശ്വാസികള്‍ക്കു കൂടി ഉള്‍കൊള്ളാന്‍ കഴിയുന്ന ഭാഷയിലും ശൈലിയിലും അതിനെ അവതരിപ്പിച്ചു എന്നതാണ് അബ്ദുല്ല യൂസുഫ് അലിയുടെ വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിന്റെ വലിയ സവിശേഷത.

അബ്ദുല്ല യൂസുഫ് അലിയുടെ ലോകപ്രസിദ്ധ ഇംഗ്ലീഷ് വ്യാഖ്യാന ഗ്രന്ഥം പ്രശസ്ത എഴുത്തുകാരനും പത്രാധിപരുമായ വി.വി.എ. ശുക്കൂര്‍ മനോഹരമായി മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുകയാണ്. തീര്‍ച്ചയായും മലയാളികള്‍ക്ക് വിലപ്പെട്ട സമ്മാനമായാണ് ഇത് ലഭിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ ഏറ്റവും മനോഹരമായ വ്യാഖ്യാനം എന്ന് ലോകം വിലയിരുത്തിയിട്ടുള്ള യൂസുഫ് അലിയുടെ ഇംഗ്ലീഷ് വ്യാഖ്യാന ഗ്രന്ഥം വായിക്കാന്‍ കഴിയാതെപോയ മലയാളികള്‍ക്ക് ഈ മലയാള വിവര്‍ത്തനം ഏറെ ഗുണം ചെയ്യും.ശ്രമകരമായ വിവര്‍ത്തനം നിര്‍വഹിച്ച വി.വി.എ. ശുക്കൂറിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ശുദ്ധ മലയാളത്തിലുള്ള ഈ ‘ഖുര്‍ആന്‍ മലയാളം’ കൂടുതല്‍ ആളുകള്‍ വായിക്കുകയും അതുവഴി വിശുദ്ധ ഗ്രന്ഥത്തെ കുറിച്ച് കൂടുതലായി മനസിലാക്കുന്നതിന് ഇടവരികയും ചെയ്യട്ടെ എന്ന് പ്രതിപക്ഷ നേതാവ് ആശംസിച്ചു.

മുസ്ലിം കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും എ.ഐ.സി.സി. ന്യൂനപക്ഷ വകുപ്പ് അഖിലേന്ത്യാ വൈസ് ചെയര്‍മാനുമായ ഇഖ്ബാല്‍ വലിയവീട്ടില്‍, എം.സി.എഫ്. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്‍.എം. അമീര്‍, ജില്ലാ വൈസ് ചെയര്‍മാന്‍ മജീദ് എളമന എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!