IM Special

പ്രവാസത്തിലൂടെ വീണ്ടും ട്രാക്കിലേക്ക്

ഷിറിൻ ഷബീർ

ദോഹ . എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും 1985 മിനി മരത്തോണിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ആ യുവാവിനെ ചുറ്റുമുള്ള ആരവങ്ങളോ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാർത്തകളോ ഒന്നും സ്വാധീനിച്ചിരുന്നില്ല, അവന്റെ കാലുകളും മനസ്സും  ശരവേഗത്തിൽ ഓടിത്തകർക്കാൻ   വെമ്പൽ  കൊണ്ടിരുന്നത്  മിനി  മാരത്തോണിലെ ലോക റെക്കോർഡായിരുന്നു.. സിന്തറ്റിക് ട്രാക്കോ റണ്ണിങ് ഷൂവോ പ്രചാരത്തിൽ ഇല്ലാത്ത കേവലം ആത്മവിശ്വാസവും സ്പോർട്സിനോടുള്ള അടങ്ങാത്ത അഭിനിവേശവും മാത്രം കൈമുതലായുണ്ടായിരുന്ന തേവര  എസ് എസ് കോളേജിലെ മുഹമ്മദ് ശരീഫ് എന്ന 17 കാരനെ കുറിച്ചാണ് പറഞ്ഞു വരുന്നത് ..പി ടി ഉഷ 1985 ൽ ഒളിംപിക്സിൽ എത്തി നിൽക്കുന്ന ആ സമയം ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിപ്പിന്റെ ആക്കം കൂടിയിരുന്നു .ഒരു ഒളിംപിക്‌സൊക്കെ സ്വപ്നം കാണാൻ പ്രാപ്തമായ നല്ലൊരു തുടക്കം തന്നെയായിട്ടും എവിടെ വെച്ചാണ് കത്താൻ പാകത്തിലുള്ള കനൽ കെട്ടുപോയതെന്നുള്ള  നമ്മളുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മറുപടി , ലോക റെക്കോർഡിലേക്ക് തട്ടിച്ചു നോക്കുമ്പോൾ തന്റെ റെക്കോർഡ് ഒന്നുമായില്ല എന്നതാണ് . അബ്ദുൽ കലാമിന്റെ വാക്കുകളിൽ പറഞ്ഞാൽ ,സുര്യനെ പോലെ തിളങ്ങാൻ ,സുര്യനെ പോലെ ജ്വലിക്കണം എന്ന്  അദ്ദേഹം സ്വയം തന്നെ പറഞ്ഞു പഠിപ്പിക്കുകയിരുന്നു.

 

യാദൃശ്ചികമായാണ് ദോഹയിലെ ഓൾഡ് ഐര്പോര്ട്ടിലെ പാർക്കിൽ ശരീഫ്ക്കയെയും  ശിഷ്യന്മാരെയും കാണാൻ ഇടയായാത്   .പ്രായത്തെ വെല്ലുന്ന ശാരീരിക ഉന്മേഷത്തോടെ തികഞ്ഞ ഒരു ട്രെയിനറായി അദ്ദേഹം ഒരുകൂട്ടം യുവാക്കളെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. പരിചയപ്പെട്ടു കൂടുതൽ അറിഞ്ഞപ്പോഴാണ് എൺപത്തിയഞ്ചു തൊണ്ണൂറു കാലഘട്ടത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു പോക്കു കൂടിയാണ് ഈ പരിശീലനം എന്ന് ബോധ്യപ്പെട്ടത് .പ്രവാസം എന്നത് വിരഹത്തിന്റെയും കണ്ണീരിന്റെയും ആകെത്തുകയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടാറ് .എന്നാൽ ചില മനുഷ്യർക്ക് പ്രവാസം അവരെ വീണ്ടെടുക്കാനുള്ള  അവസരങ്ങൾ  കൂടി നൽകാറുണ്ട് .

കഴിഞ്ഞ ഒൻപതു വര്ഷത്തോളമായി ഖത്തറിൽ പ്രവാസിയായ മുഹമ്മദ് ശരീഫ് എന്ന 55 കാരൻ രണ്ടു വർഷത്തോളമായി തന്റെ എൺപതിലേക്കുള്ള തിരിച്ചു നടത്തിലാണ് .അൽപ നേരം അദ്ദേഹത്തോടൊപ്പം ചിലവഴിക്കുന്ന ഏതൊരാൾക്കും തന്റെ സ്പോർട്സിനോടുള്ള  ആവേശത്തിന്റെ ഒരംശം പകുത്തു നല്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട് .അതുകൊണ്ട് തന്നെയാണ് ഒരു 8കോച്ചിന്റെ പ്രൊഫഷണൽ  ഭാവഭേദങ്ങൾ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പരിശീലനം ലഭിക്കാൻ ആളുകൾ സമീപിച്ചു കൊണ്ടിരിക്കുന്നത് .

1960 കാലഘട്ടത്തിലെ മുസ്ലിം ലീഗിന്റെ അറിയപ്പെടുന്ന നേതാക്കളിൽ ഒരാളായിരുന്ന അഡ്വക്കറ്റ്  കെ .ഹസ്സൻ ഗനിയുടെ 10 മക്കളിൽ ഇളയവനായ മുഹമ്മദ്  ശരീഫ്  പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്  ഒരു ബാസ്കറ്റ് ബോൾ മത്സരത്തിലൂടെ കായിക ലോകത്തിലേക്ക് കാലെടുത്തു വെക്കുന്നത് .കെ എൽ എ കൂടിയായ പിതാവിന്റെ കുടുംബ പാരമ്പര്യത്തിൽ ഒരുപാട് വ്യക്തികൾ കായിക -കല രംഗങ്ങളിൽ സജീവമായിരുന്നവരായിരുന്നത് കൊണ്ടായിരിക്കാം തനിക്ക് കിട്ടിയ മെഡലുകളിലും അംഗീകാരങ്ങളിലും അദ്ദേഹത്തിന് അന്ന് അത്ഭുതമോ അതിശയോക്തിയോ തോന്നിയിരുന്നില്ല . അംഗീകാരങ്ങൾ കൊണ്ടുവരുന്നത് വീട്ടിൽ ഒരു പതിവ് രീതിയായതു കൊണ്ട് വീട്ടുകാരും വേണ്ടത്ര ശ്രദ്ധ നൽകിയില്ല എന്ന് വേണം കരുതാൻ .

ഒരു അത്ലെറ്റിനു വളരാൻ നിരന്തര  പരിശീലനവും മികച്ച ഒരു  കോച്ചിന്റെ സാന്നിധ്യവുമാണ് പ്രധാനം .1985 -1990 കാലഘട്ടത്തിൽ ഇവ രണ്ടും ലഭിക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ച  വളരെ പ്രയാസകരമായിരുന്നു. പി ടി ഉഷയുടെ ഒളിമ്പിക്സിലേക്കുള്ള പ്രയത്നത്തെ കുറിച്ചു സംസാരിക്കുമ്പോൾ ,ഇത്രയേറെ മെഡലുകൾ വാങ്ങിക്കൂട്ടിയിട്ടും തന്റെ  കഴിവ് ഏതു ഇനത്തിലാണെന്നു വ്യക്തമായി കണ്ടെത്താൻ അന്ന് അവരുടെ പരിശീലകർക്ക് കഴിഞ്ഞിരുന്നില്ല ഏന്നു പറയുന്നുണ്ട് .ഇദ്ദേഹത്തിന്റെ അത്ലറ്റിക് കാലഘട്ടത്തിന്റെ തുടക്കത്തിലും അങ്ങനെ ഒരു കോച്ചിനെ  എടുത്ത് പറയാൻ ഇല്ല എന്നതും ഒരു നൈരന്തര്യം കിട്ടാതെ പോയതിനുള്ള കാരണമാവാം . അന്ന് മുഹമ്മദ് ശരീഫ് എന്ന ചെറുപ്പക്കാരന്റെ കഴിവിനെ തിരിച്ചറിയാൻ കോളേജിലോ കുടുംബത്തിലോ സുഹൃത്തുക്കൾക്കിടയിലോ ഒരാൾ മുന്നോട്ട് വന്നിരുന്നെങ്കിൽ എന്ന് ഇന്നും അദ്ദേഹം ആത്മഗതപ്പെടുന്നുണ്ട്.

സീനിയർ ബോയ്സിന്റെ ഓട്ടത്തിൽ ഫസ്റ്റ് കിട്ടുന്നതിലൂടെയാണ് ആദ്യമായി തന്നിൽ ഒരു ഓട്ടക്കാരൻ ഉണ്ടെന്ന യാഥാർഥ്യം അദ്ദേഹം തിരിച്ചറിയുന്നത് .ഡിഗ്രിക്ക് സ്പോർട്സ് ഹോസ്റ്റലുകൾ ഒരുപാട് പരിഗണനയിൽ വന്നെങ്കിലും സഹോദരങ്ങൾ പഠിച്ച എസ് എസ് തേവര കോളേജിൽ തന്നെ അഡ്മിഷൻ എടുക്കാം എന്ന വീട്ടുകാരുടെ തീരുമാനത്തിൽ അവിടെ യൂണിവേഴ്സിറ്റി അരങ്ങേറ്റം തുടങ്ങുകയായിരുന്നു .1985 ൽ തൊട്ടതെല്ലാം പൊന്നാക്കി എന്ന് വേണം പറയാൻ ,മിനി മാരത്തോൺ ,5000 ,10000 മീറ്ററുകളിൽ സ്വർണ്ണം എന്നിവ സ്വന്തമാക്കിയതോടെ തികഞ്ഞ ഒരു അത്ലെറ്റിനെ ആയിരുന്നു എം ജി യൂണിവേഴ്സിറ്റിക് ലഭിച്ചിരുന്നത്..എന്നാൽ  ലഭിക്കുന്ന അംഗീകാരങ്ങൾ എങ്ങനെ മിനുക്കി എടുക്കാം എന്ന് പറഞ്ഞു പരിശീലിപ്പിക്കാൻ മാത്രം അദ്ദേഹത്തിന്റെ ചുറ്റും ആളുകളില്ലായിരുന്നു .പരിക്കുകൾ കാരണം 1986 ൽ വിട്ടു നിൽക്കേണ്ടി വന്നെങ്കിലും എൺപത്തി ഏഴിൽ വേണ്ടും റെക്കോർഡ് സ്വന്ധം പേരിലേക്ക് കൊണ്ട് വന്നു .

ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ്ൽ 10000 mt ൽ അന്നേവരെ ഉണ്ടായിരുന്ന റെക്കോർഡ്  തകർത്തു കൊണ്ടായിരുന്നു അദ്ദേഹം യൂണിവേഴ്സിറ്റി ചാമ്പ്യനായത് . റെക്കോർഡിൽ തന്റേത് മികച്ച ടൈമിംഗ് ആണെന്ന ഷൈനി വിൽസന്റെ  കോച് ദേവസ്സിയുടെ വാക്കുകളാണ് ഇന്നും ശരീഫ് എന്ന വ്യക്തി തന്റെ സുവർണ്ണ മെഡലുകളെക്കാൾ നെഞ്ചേറ്റി കൊണ്ട് നടക്കുന്നത് .അന്ന് അദ്ദേഹവുമായുള്ള ഒരൊറ്റ കൂടിക്കാഴ്ചയെ ലഭിച്ചൊള്ളൂ എങ്കിലും പിന്നീട് ഇടക്കിടെ കത്തുകളിലൂടെ അദ്ദേഹം മുഹമ്മദ് ഷെറീഫ് എന്ന അത്ലെറ്റിനെ വളർത്താനുള്ള നിരവധി മാർഗ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു ..എന്നാൽ  ജീവിതത്തിന്റെ പല തിരക്കുകളും നമ്മുടെ ഇഷ്ടങ്ങളെ കവർന്നെടുക്കും എന്ന് പറയുന്ന പോലെ ,ഒരുവേളയിൽ ദേവസ്സിയുമായുള്ള ബന്ധവും ഓർമ്മയായി .പിന്നീടങ്ങോട്ട് ഒരു ട്രെയിനറുടെ അഭാവം അദ്ദേഹത്തെ ട്രാക്കിൽ നിന്ന് അകത്തികൊണ്ടേയിരുന്നു എന്നതാണ് യാഥാർഥ്യം ,.

 

പ്രാരാബ്ദങ്ങളുടെ കൗമാരമല്ലെങ്കിലും യൗവനത്തിലേക്കെത്തുന്നതോടെ സ്വന്തമായി പത്തു കാശുണ്ടാക്കണമെന്ന മോഹത്തോടെ ഒരു ബിസിനെസ്സിലേക്ക് ചേക്കേറുന്നതോടെ അദ്ദേഹം ട്രാക്കിനെ പൂർണ്ണമായും മറന്നു .പിന്നീടങ്ങോട്ട് 25 വർഷങ്ങൾ അത്ലെറ്റ് എന്നത് പഴയ യൂണിവേഴ്സിറ്റി റെക്കോര്ഡുകളിൽ മാത്രം ഓർമ്മയായി .

വിവാഹം, കുടുംബം എന്നിങ്ങനെ സാധാരണ തിരക്കുകളിലേക്ക് മാറിയതോടെ പൂർണ്ണമായും ജീവിതത്തിന്റെ തിരക്കുകളിൽ അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രവാസത്തിലേക്ക് ചേക്കേറുന്നത്. ഈ നീണ്ട ഇടവേളയിലും ഉള്ളിന്റെ ഉള്ളിലെവിടെയോ ആ സ്പിരിറ്റ് ഒരു കനലായി ഉണ്ടായിരുന്നിരിക്കണം, ‘റൺ കൊച്ചി റൺ’ എന്ന മരത്തോണിൽ പങ്കെടുക്കാൻ കുടുംബത്തിന്റെ പിന്തുണയോടെ 2014 ൽ നാട്ടിലെത്തിയപ്പോഴാണ് ഏകദേശം 25 വർഷത്തെ ഇടവേളക്ക് ശേഷം ആ ഓട്ടക്കാരന് വീണ്ടും ജീവൻ വെക്കുന്നത് . പിന്നീട് തിരിച്ചു വരണം എന്ന് അതീവമായി ആഗ്രഹിച്ച വര്ഷങ്ങളായിരുന്നു . സ്വന്തമായ പരിശീലനങ്ങളിലൂടെ ആദ്യം ശരീരത്തെ ഫിറ്റ് ആക്കുക എന്നതായിരുന്നു ആദ്യ ഘട്ടം,അതിനായി പാർക്കുകളിൽ നിരന്തര പരിശീലനങ്ങളിൽ ഏർപ്പെടാൻ തുടങ്ങി. പ്രവാസ ലോകത്തു ലഭിച്ച ഒരുപാട് അവസരങ്ങളാണ് തന്നെ വീണ്ടും ഈ മേഖലയിൽ സ്വപ്നം കാണാൻ പ്രാപ്തമാക്കിയതെന്നു അദ്ദേഹം പറഞ്ഞവെക്കുന്നു. ദോഹയിൽ മീഡിയവൺ സംഘടിപ്പിച്ച 10000 മീറ്റർ മത്സരത്തിലടക്കം അഞ്ചാം സ്ഥാനത്തു വന്നതോടെ ആത്മവിശ്വാസം ഇരട്ടിയായി.

അതിനിടയിൽ യാദൃശ്ചികമെന്നോണം ഒരു കൂട്ടം യുവാക്കളെ പരിചയപ്പെടുന്നതിലൂടെയാണ് ട്രെയിനിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.കോച്ച് ദേവസ്യയുമായുള്ള സൗഹൃദത്തിൽ നിന്നും ലഭിച്ച പാഠങ്ങൾ ഇന്ന് മറ്റുള്ളവർക്ക് പരിശീലനം നല്കാൻ ഒരുപാട് പ്രയോജനപ്രദമായെന്നു അദ്ദേഹം ഉറപ്പിച്ചു പറയുന്നു .ഇന്നിപ്പോൾ ഇരുപതോളം വരുന്ന ഒരു ടീം തന്നെ അദ്ദേഹത്തിന്റെ പരിശീലനത്തിൽ ഉണ്ട് .

അത്യാധുനിക സൗകര്യങ്ങളും സാഹചര്യങ്ങളും അധികരിച്ചു വരുന്ന ഈ കാലഘട്ടത്തെ തന്റെ പഴയ കോളേജ് കാലഘട്ടത്തിലേക്ക് താരതമ്യം ചെയ്യുമ്പോൾ കാലിൽ പ്ലാസ്റ്റർ ചുറ്റി കുമ്മായം വിതറിയ ട്രാക്കിലൂടെയുള്ള ഓരോ കാലടികളും എത്ര മാത്രം ത്യാഗത്തിന്റേതായിരുന്നു എന്ന് ഒരു നെടുവീർപ്പോടെ അദ്ദേഹം ഓർത്തെടുക്കുന്നുണ്ട് .കുമ്മായത്തിൽ തട്ടി കാലുകൾ പൊള്ളച്ചു വന്നാലും അതൊന്നും വകവെക്കാതെ അടുത്തടുത്ത ദിവസങ്ങളിൽ ഉള്ള ലോങ്ങ് റണ്ണുകൾ ഒരിക്കൽ പോലും മടുപ്പുളവാക്കിയിരുന്നില്ല ,എവിടോയൊക്കെയോ എത്തണം എന്ന മോഹം താലോലിച്ചു നടന്നു നിരന്തര പരിശീലത്തിനു വേണ്ടി ഒരു ട്രാക്കില്ലാത്തതു കൊണ്ട് സൗത്ത് നേവിയുടെ ഗ്രൗണ്ടിൽ “പ്രാക്ടീസ് കർനാ കേലിയ “എന്ന് ആവശ്യപ്പെട്ട് അവരുടെ കൂടെ പ്രാക്ടീസ് ചെയ്തതൊക്കെ രസകരമായ ഓർമ്മകളായി അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്നു.

“അസാധ്യമായത് ഒന്നും ഇല്ല “എന്നതിലേക്ക് തന്നെയാണ് ശരീഫ്ക്കയുടെ തിരിച്ചു വരവിലൂടെ നമ്മൾ വീണ്ടും കാണാൻ കാത്തിരിക്കുന്നത് .ഒരു പരിശീലകൻ എന്നതിൽ ഉപരിയായി 55 വയസ്സിനു മുകളിലുള്ളവരുടെ മരത്തോണിൽ മത്സരിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ മിനി മാരത്തോൺ ലോക റെക്കോർഡ് നേടുക എന്നതാണ് ഇന്ന് അദ്ദേഹത്തിന്റെ സ്വപ്നം. നിരന്തരമായ പരിശീലത്തിൽ കുറഞ്ഞ മറ്റൊന്നും അതിനു കുറുക്കുവഴികൾ  ഇല്ലെന്നും ,ഓരോരുത്തരുടെയും കപ്പാസിറ്റി മനസ്സിലാക്കി ഓരോ അത്ലെറ്റിനും ബേസിക് സ്പീഡ് അഥവാ പേസ് നിശ്ചയിച്ചു നല്കാൻ പ്രാപ്തനായ ഒരു കോച്ചു കൂടെയുണ്ടാവുക എന്നതുമാണ് ഒരു അത്‍ലറ്റിന് പ്രധാനമായിട്ടുള്ളത് എന്നതുമാണ് തന്റെ ശിഷ്യന്മാരിലൂടെ അദ്ദേഹം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് .

ഭാര്യയും രണ്ടു ആൺകുട്ടികളുമായി ദോഹയിൽ സ്ഥിര താമസമാക്കിയ മുഹമ്മദ് ശരീഫ് എന്ന അത്ലെറ്റിന്റെ ഇപ്പോഴുള്ള പ്രചോദനം സഹധർമ്മിണി നസീബ തന്നെയാണ് .ബി.ടെക് ബിരുദ ധാരിയായ മൂത്ത മകനും പ്ലസ് ടുവിൽ പഠിക്കുന്ന ഇളയ മോനും ബാപ്പയുടെ വഴികളിൽ സജീവമായി ഇല്ലെങ്കിലും പൂർണ്ണ പിന്തുണയോടെ കൂടെയുണ്ട്. കല -സാംസ്‌കാരിക രംഗത്തുള്ള ഒരുപാട് വ്യക്‌തിത്വങ്ങളെ കൊണ്ട് അനുഗ്രഹീതമാണ് കെ ഹസ്സൻ ഗനി എന്ന അദ്ദേഹത്തിന്റെ പിതാവിന്റെ കുടുംബം .സിനിമ മേഖലയിൽ അഭിനയ മികവ് കൊണ്ടും ബോഡി ബിൽഡിങ് കൊണ്ടും എടുത്തു പറയാവുന്ന റിയാസ്ഖാൻ ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനാണ്. പഴയ യൂണിവേഴ്സിറ്റി ഗോൾഡ് മെഡൽ വിന്നറെ തേടി ഒരുപാട് ആളുകൾ ഇന്ന് ഓൾഡ് എയർ പോർട്ടിലെ പാർക്കിലേക്ക് കടന്നുവരുന്നുണ്ട് .

 

Related Articles

Back to top button
error: Content is protected !!