പുണ്യമാസത്തില്‍ നന്മയുടെ നറുമണം പരത്തി യൂണിറ്റി സമൂഹ ഇഫ്താര്‍ ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ: ആശയ വൈവിധ്യത്തിന്റേയും ആദര്‍ശവൈജാത്യങ്ങളുടേയും സംഗമതീരങ്ങളില്‍ യോജിപ്പിന്റേയും രഞ്ജിപ്പിന്റെയും സമാനതകളില്ലാത്ത ചരിത്രം തീര്‍ത്ത് യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹ ഇഫ്താര്‍ ശ്രദ്ധേയമായി. ഗാഢമായ പരസ്പര ബന്ധത്തിന്റേയും സ്നേഹസാഹോദര്യത്തിന്റേയും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ പ്രമുഖരായ 13 അംഗസംഘടനകളിലെ അംഗങ്ങളും ഇരുനൂറോളം പ്രവര്‍ത്തകരും നേതാക്കളും ഖത്തറിലെ വ്യാപാര- വ്യവസായ- സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. കഴിഞ്ഞ ഏഴു വര്‍ഷമായി യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ സമൂഹ ഇഫ്താര്‍ നടന്നുവരുന്നുണ്ട്.
പ്രാര്‍ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന പുണ്യറമദാനിന്റെ വെള്ളിയാഴ്ച സുദിനത്തില്‍ സമുദായ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന പരിപാടികള്‍ എന്തുകൊണ്ടും പ്രശംസനീയവും ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നതുമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ മുസ് ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നത്തിന്റെ കാതല്‍ ഐക്യമില്ലായ്മയാണെന്നും ലോകം ഇന്ന് ആവശ്യപ്പെടുന്നത് ലോക മുസ് ലിം ഐക്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ കെ ജി ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ യൂണിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ ലോയേഴ്സ് ഫോറം പി സി കോര്‍ഡിനേറ്ററും വേള്‍ഡ് വൈഡ് ഇന്‍ഡിപെന്റന്റ് ലോയേഴ്സ് ലീഗ് അസോസിയേറ്റ് അംഗവും ഈസ അല്‍ സുലൈത്തി ലോ ഫേം സീനിയര്‍ ലീഗല്‍ കൗണ്‍സലുമായ അഡ്വ. ജൗഹര്‍ ബാബു മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന ഭരണഘടനാവകാശ ലംഘന നീക്കങ്ങള്‍ വെല്ലുവിളിയാണെന്നും ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും കര്‍ഷക സമരത്തിന്റെ മാതൃകയില്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അഡ്വ. ജൗഹര്‍ ബാബു ആവശ്യപ്പെട്ടു.
യൂണിറ്റി ചീഫ് കോര്‍ഡിനേറ്റര്‍ എ പി ഖലീല്‍, യൂണിറ്റി ട്രഷറര്‍ കെ മുഹമ്മദ് ഈസ, കോര്‍ഡിനേറ്റര്‍ വി സി മശ്ഹൂദ്, ഖാസിം ടി കെ, അഡ്വ. ഇസ്സൂദ്ദീന്‍, ഡോ. ബഷീര്‍ പുത്തുപാടം, ജാബിര്‍ ബേപ്പൂര്‍, പി പി സുബൈര്‍, ഫൈസല്‍ വാഫി, ഒ എ കരീം, ഫാസില്‍ ഹമീദ്, ഡോ. സി കെ അബ്ദുല്ല, മുനീര്‍ സലഫി, റഷീദ് അലി, കെ ടി ഫൈസല്‍, ഡോ. സമീര്‍ മൂപ്പന്‍ എന്നിവര്‍ സംസാരിച്ചു.
ഹബീബുല്ല ഖിറാഅത്തും ഫൈസല്‍ ഹുദവി വിവര്‍ത്തനവും നിര്‍വഹിച്ചു.