വ്യാപാര സ്ഥാപനങ്ങള്‍ ഏപ്രില്‍ 30 ന് മുമ്പ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കണം, വീഴ്ച വരുത്തുന്നവര്‍ക്ക് പ്രതിദിനം 500 റിയാല്‍ പിഴ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും 2021 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഏപ്രില്‍ 30 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്സ് അതോരിറ്റി. വീഴ്ച വരുത്തുന്നവര്‍ പ്രതിദിനം 500 റിയാല്‍ എന്ന തോതില്‍ പിഴ അടക്കേണ്ടി വരും. ഇത് സംബന്ധിച്ച് ജനറല്‍ ടാക്സ് അതോരിറ്റി സ്ഥാപനങ്ങള്‍ക്ക് റിമൈന്‍ഡറുകള്‍ നല്‍കി തുടങ്ങി .
ളരീബ പോര്‍ട്ടലിലാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. അംഗീകൃത ഓഡിറ്റിംഗ് സ്ഥാപനം മുഖേനയാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. എല്ലാ കമ്പനികളും കണക്കുകള്‍ സമര്‍പ്പിക്കണമെങ്കിലും
കമ്പനിയിലെ വിദേശി പങ്കാളിത്തത്തിന് മാത്രമാണ് ടാക്‌സ് ബാധകമാവുക. ലാഭത്തിന്റെ പത്ത് ശതമാനമാണ് ടാക്‌സ് കൊടുക്കേണ്ടത്.
സ്വദേശി കമ്പനികളും ജി.സി.സി. പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സിംപ്‌ളിഫൈഡ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഈ സ്ഥാപനങ്ങളെ ഇന്‍കം ടാക്‌സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓണ്‍ ലൈനില്‍ ടാക്സ് നിശ്ചയിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതിനുള്ള പ്രത്യേക പോര്‍ട്ടലാണ് ളരീബ പോര്‍ട്ടല്‍. ഈ പുതിയ ഓണ്‍ലൈന്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ സിസ്റ്റത്തിലൂടെ 24 മണിക്കൂറും ടാക്സ് ഇടപാടുകള്‍ നടത്താനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 16565 എന്ന നമ്പറിലോ support@dhareeba എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.