ഖത്തര്‍ ട്രാവല്‍ ആന്റ് റിട്ടേണ്‍ പോളിസിയില്‍ മാറ്റം , ഇഹ് തിറാസ് ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം, യാത്രക്ക് മുമ്പോ ശേഷമോ കോവിഡ് പരിശോധന വേണ്ട, പുതിയ ഇളവുകള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകമെമ്പാടും ഖത്തറിലും കൊവിഡ്-19 കേസുകളുടെ എണ്ണം കുറയുന്നത് തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നടന്ന ഖത്തര്‍ കാബിനറ്റ് തീരുമാനപ്രകാരം ഖത്തര്‍ ട്രാവല്‍ ആന്റ് റിട്ടേണ്‍ പോളിസിയില്‍ മാറ്റം വരുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതനുസരിച്ച് ഇഹ് തിറാസിലെ ഗ്രീന്‍ സ്റ്റാറ്റസ് ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം മതിയാകും. അതുപോലെ തന്നെ , യാത്രക്ക് മുമ്പോ ശേഷമോ കോവിഡ് പരിശോധന വേണ്ട എന്നതാണ് ഏറ്റവും പ്രധാന മാറ്റം. പുതിയ ഇളവുകള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
നവംബര്‍ 1 മുതല്‍ ഖത്തറിലെ ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാത്രമേ വ്യക്തികള്‍ ഇഹ് തിറാസ് ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കേണ്ടതുള്ളൂ.
ഖത്തറിലെ പൗരന്മാരും താമസക്കാരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റോ പിസിആര്‍ പരിശോധനയോ നടത്തേണ്ടതില്ല.
അതുപോലെ തന്നെ ഖത്തറിലേക്ക് വരുന്നതിന് മുമ്പ് സന്ദര്‍ശകര്‍ ഇനി കോവിഡ് നെഗറ്റീവ് അല്ലെങ്കില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല. എങ്കിലും അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും സന്ദര്‍ശകരും സാധാരണ മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസി സന്ദര്‍ശിക്കാം.