വെവിധ്യമാര്‍ന്ന പരിപാടികളോടെ ഫിഫ 2022 ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍ നാഷണല്‍ ലൈബ്രറി
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലേക്ക് വരുന്ന സന്ദര്‍ശകരെ പരിഗണിച്ച് വെവിധ്യമാര്‍ന്ന പരിപാടികളോടെ ഫിഫ 2022 ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍ നാഷണല്‍ ലൈബ്രറി.
എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന സംസ്‌കാരം, പൈതൃകം, കായികം, കലകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികളും ശില്‍പശാലകളുമാണ് ഫിഫ 2022 ലോകകപ്പിനെ വരവേല്‍ക്കാനായി ഖത്തര്‍ നാഷണല്‍ ലൈബ്രറി അണിയിച്ചൊരുക്കുന്നത്.
നവംബര്‍ 1-ന്, ഖുര്‍ആന്‍ ബൊട്ടാണിക് ഗാര്‍ഡനിലെ സ്റ്റോറിബുക്ക് പാതയിലൂടെ നടക്കാനും ബസ്മ എല്‍ഖാത്തിബ് എഴുതിയതും റീം അല്‍ അസ്‌കരി ചിത്രീകരിച്ചതുമായ ദി സിദ്ര ട്രീ റെയിന്‍സ് എന്ന ദ്വിഭാഷാ പുസ്തകത്തില്‍ നിന്ന് ഓരോ പേജ് വീതം വായിക്കാന്‍ ലൈബ്രറി സന്ദര്‍ശകരെ ക്ഷണിക്കുന്നു. സ്റ്റോറിബുക്ക് ട്രയല്‍ 2022 ഡിസംബര്‍ 31 വരെ തുടരും.
നവംബര്‍ 3 ന്, ഖത്തര്‍-മെനാസ 2022 ആഘോഷത്തോടനുബന്ധിച്ച് ലൈബ്രറി മെനാസ സാംസ്‌കാരിക മേള സംഘടിപ്പിക്കും. സന്ദര്‍ശകര്‍ക്ക് നാടോടി കഥകള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ മെനാസ രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും പൈതൃകത്തെയും കുറിച്ച് പഠിക്കുന്നതിന് സഹായകമാകുന്ന പരിപാടിയാകുമിത്.
നവംബര്‍ 6 ന്, ലൈബ്രറി, സ്റ്റുഡിയോ 5/6 മായി സഹകരിച്ച്, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആഘോഷിക്കുന്നതിനായി പത്ത് ദിവസത്തെ സാങ്കേതിക ശില്‍പശാലകളുടെ പരമ്പര സംഘടിപ്പിക്കും.
സ്‌പോര്‍ട്‌സ് ടെക്‌നോളജി, 3 ഡി മോഡലിംഗ്, 3ഡി സ്‌കാനിംഗ്, മിക്സഡ് റിയാലിറ്റി, ഇലക്ട്രോണിക്‌സ്, കോഡിംഗ് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളെയും ടൂളുകളേയും കുറിച്ച് കുട്ടികളേയും യുവജനങ്ങളേയും ബോധവല്‍ക്കരിക്കുകയാണ് ളില്‍പശാല ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ ശില്‍പശാലകള്‍ നവംബര്‍ 6 മുതല്‍ 10 വരെയും യുവജനങ്ങളുടെ ശില്‍പശാലകള്‍ നവംബര്‍ 13-17 വരെയും നടക്കും.
നവംബര്‍ 9-ന്, കുട്ടിക്കാലം, വിദ്യാഭ്യാസം, കുട്ടികളുടെ ആരോഗ്യം എന്നീ മേഖലകളിലെ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രഭാഷണ പരമ്പര നടക്കും.
ഫിഫ 2022 ലോകകപ്പ് ഖത്തറി ന്റെ തീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആകര്‍ഷകമായ ബുക്ക്മാര്‍ക്കുകള്‍ സൃഷ്ടിക്കുന്നതിന് പേപ്പര്‍ റീസൈക്കിള്‍ ചെയ്യുന്നത് സംബന്ധിച്ച് ആര്‍ട്ടിസ്റ്റ് ഫാത്തിമ അല്‍ നുഐമിയുടെ രണ്ട് ദിവസത്തെ വര്‍ക്ക്‌ഷോപ്പാണ് മറ്റൊരു പ്രധാന പരിപാടി.
ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ സംഗീതരാവും ലൈബ്രറി സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളില്‍പെട്ടതാണ് .
നവംബര്‍ 15 ന് ഗോള്‍, ഹൗ ഫുട്ബോള്‍ കിക്ക് ഓഫ് ഇന്‍ ഖത്തര്‍’ എന്ന പ്രദര്‍ശനം നടക്കും. 2023 ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന എക്‌സിബിഷന്‍, ഖത്തറിലെ ഫുട്‌ബോളിന്റെ യാത്രയെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചും ഈ വര്‍ഷത്തെ ലോക കപ്പ് ആതിഥേയത്വം നേടാനുള്ള അവകാശം നേടുന്നത് വരെ പതിറ്റാണ്ടുകളായി ഗെയിം എങ്ങനെ വികസിച്ചുവെന്നും അറിയാന്‍ ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ക്ഷണിക്കും.
നവംബര്‍ 20 ന്, ലൈബ്രറി, ലിറ്റില്‍ തിങ്കിംഗ് മൈന്‍ഡ്സിന്റെ സഹകരണത്തോടെ, കുട്ടികളുടെ ‘സ്പോര്‍ട്സ് ഇന്‍ഫര്‍മേഷന്‍ ചലഞ്ച്’ സംഘടിപ്പിക്കും.
മത്സരം ലൈബ്രറി അംഗങ്ങള്‍ക്കായിരിക്കും. ലൈബ്രറിയുടെ ഐ റീഡ് അറബിക് സൈറ്റിലെ ചില ചെറിയ ഉപന്യാസങ്ങള്‍ വായിക്കുകയും അനുബന്ധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യണം. മത്സരം ഡിസംബര്‍ 20 വരെ നടക്കും. വിജയികളെ 2023 ജനുവരിയില്‍ പ്രഖ്യാപിക്കും.