ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതിനെതിരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതിനെതിരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ്. ആന്റിമൈക്രോബയല്‍ പ്രതിരോധത്തെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം വളര്‍ത്തുന്നതിനായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. ആന്റിബയോട്ടിക്കുകള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടതായതിനാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം കഴിക്കണമെന്നാണ് കാമ്പയിന്‍ മുന്നോട്ടുവെക്കുന്നത്.
മരുന്ന്-പ്രതിരോധശേഷിയുള്ള അണുബാധകളുടെ ആവിര്‍ഭാവവും വ്യാപനവും ഒഴിവാക്കാന്‍ മികച്ച രീതികള്‍ സ്വീകരിക്കാന്‍ ആരോഗ്യ സൗകര്യങ്ങളിലെ ആരോഗ്യ പ്രാക്ടീഷണര്‍മാരെയും നയരൂപകര്‍ത്താക്കളെയും കാമ്പയിന്‍ പ്രോത്സാഹിപ്പിച്ചു.
എല്ലാ വര്‍ഷവും നവംബര്‍ 18 മുതല്‍ 24 വരെ നടക്കുന്ന വേള്‍ഡ് ആന്റിമൈക്രോബയല്‍ അവയര്‍നസ് വീക്കിന്റെ ഭാഗമായാണ് കാമ്പയിന്‍.
കൈകഴുകുക, രോഗബാധിതരായ ആളുകളുമായുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തുക, വ്യക്തിഗത ശുചിത്വം പാലിക്കുക, ഓരോ പ്രായക്കാര്‍ക്കും ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുക എന്നിവയിലൂടെ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ വ്യാപനം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് അണുബാധ നിയന്ത്രണ മുന്‍കരുതലുകളുടെ പ്രയോഗം.