എയര്‍ലൈന്‍ കാര്‍ഗോ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോയും ജപ്പാന്‍ എയര്‍ലൈന്‍സും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ദോഹ: ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ ജപ്പാന്‍ എയര്‍ലൈന്‍സുമായി ധാരണാപത്രം ഒപ്പുവച്ചു. നിലവിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും എയര്‍ കാര്‍ഗോ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ രണ്ട് വിമാനക്കമ്പനികള്‍ക്കിടയിലുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിനുമാണ് പുതിയ ധാരണാപത്രം.
ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോയും ജപ്പാന്‍ എയര്‍ലൈന്‍സ് കാര്‍ഗോ ഡിവിഷനും (ജാല്‍കാര്‍ഗോ) ഈ ധാരണാപത്രത്തില്‍ ഒപ്പുവെച്ചുകൊണ്ട് ‘വണ്‍വേള്‍ഡ്’ പങ്കാളികള്‍ എന്ന നിലയില്‍ തങ്ങളുടെ ദീര്‍ഘകാല ബന്ധം വിപുലീകരിച്ചു. ചരക്ക് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെടുത്തിയ ഉല്‍പ്പന്ന ഓഫര്‍ നല്‍കാനും പ്രവര്‍ത്തന സമന്വയം കൈവരിക്കാനും കരാര്‍ ലക്ഷ്യമിടുന്നു.
ഖത്തര്‍ എയര്‍വേയ്സിന്റെ കാര്‍ഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് ഡ്രൂഷ്, ജപ്പാന്‍ എയര്‍ലൈന്‍സ് എക്സിക്യൂട്ടീവ് ഓഫീസര്‍, സീനിയര്‍ വൈസ് പ്രസിഡന്റ്, കാര്‍ഗോ ആന്‍ഡ് മെയില്‍ മേധാവി യുചിറോ കിറ്റോ എന്നിവര്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനിയര്‍ ബദര്‍ മുഹമ്മദ് അല്‍ മീറിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.