പ്രോബിയോട്ടിക് ബൂസ്റ്റേഴ്‌സ് ഐപാഖ് ഫുട്‌ബോള്‍ പ്രിമിയര്‍ ലീഗ് ചാമ്പ്യന്മാര്‍

ദോഹ: ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച സ്പോര്‍ട്‌സ് ഫിയസ്റ്റയുടെ ഭാഗമായി മൈദര്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ നടന്ന കജഅഝ ഫുട്‌ബോള്‍ പ്രിമിയര്‍ ലീഗ് ടൂര്‍ണമെന്റില്‍ പ്രോബിയോട്ടിക് ബൂസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി. ആവേശഭരിതമായ ഫൈനല്‍ പോരാട്ടത്തില്‍ കടുത്ത മത്സരത്തിനൊടുവില്‍ അഡ്രെനര്‍ജിക് സ്ട്രിക്കേഴ്‌സിനെ 4-2 എന്ന സ്‌കോറിലൂടെ പരാജയപ്പെടുത്തി ബൂസ്റ്റേഴ്‌സ് വിജയം നേടിയതായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച പോരാട്ടമാണ് അരങ്ങേറിയത്. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടുകയും മത്സരത്തില്‍ മുന്‍തൂക്കം നേടുകയും ചെയ്ത അഡ്രെനര്‍ജിക് സ്ട്രിക്കേഴ്‌സിന്റെ പ്രകടനം മത്സരം കൂടുതല്‍ ആവേശഭരിതമാക്കി. എന്നിരുന്നാലും, ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്മാര്‍ട്ട് പ്ലേകളും തന്ത്രപരമായ നീക്കങ്ങളുമാണ് പ്രോബിയോട്ടിക് ബൂസ്റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. സ്ട്രിക്കേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ ബൂസ്റ്റേഴ്‌സിന്റെ പ്രതിരോധഭാഗം ഫലപ്രദമായി നേരിടുകയും നിര്‍ണായക അവസരങ്ങളില്‍ ഗോള്‍ നേടുകയും ചെയ്തു.
മത്സരം അവസാനിച്ചതിന് ശേഷം നടന്ന സമാപന ചടങ്ങില്‍ ഐപാഖ് അംഗങ്ങളും കായിക പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. വിജയികള്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി അബ്ദുല്‍ റഹിമാന്‍ ഏരിയാല്‍ നല്‍കി. റണ്ണേഴ്‌സ് അപ് ട്രോഫി ഷജീര്‍ സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരനായി സത്താറിനെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ മികച്ച പ്രതിരോധ പ്രകടനവും ഗ്രൗണ്ടിലെ നേതൃത്വവും തിരഞ്ഞെടുപ്പിന് അടിസ്ഥാനമായിരുന്നു.
മത്സരങ്ങള്‍ നിഷ്പക്ഷതയും കായികമാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടന്നതായും റിപ്പോര്‍ട്ടുണ്ട്. റഫറിമാരായ ഷാന്‍, മഷൂദ് എന്നിവരാണ് മത്സരങ്ങള്‍ നന്നായി നിയന്ത്രിച്ചത്. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി അമീര്‍ അലി, ഷാനവാസ്, മുനീര്‍, ഇക്ബാല്‍, മുഹമ്മദ് നവാസ് ,ഹനീഫ് പേരാല്‍, ജാഫര്‍ വാക്ര, ശനീബ്, അല്‍ത്താഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകം സംഘങ്ങള്‍ പ്രവര്‍ത്തിച്ചു.