യോഗ ചെയ്താല്‍ പലതുണ്ട് ഗുണം

ഡോ.അമാനുല്ല വടക്കാങ്ങര
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം . 2014 ഡിസംബര്‍ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അവതരിപ്പിച്ചത്.
2015 ജൂണ്‍ 21 നാണ് പ്രഥമ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചത്. 2025 ല്‍ അന്താരാഷ്ട്ര യോഗദിനത്തിന്റെ പതിനൊന്നാമത് ദിനം ലോകമെങ്ങും സമുചിതമായി ആഘോഷിക്കുകയാണ്. മതപരമോ സാംസ്‌കാരികമോ ആയ പരിമിതികളില്‍ തളച്ചിടാതെ സമഗ്രമായ ആരോഗ്യ സംരക്ഷണത്തിന്റെ ക്രിയാത്മക മാര്‍ഗമായി യോഗയെ വിലയിരുത്താനും പ്രയോഗവല്‍ക്കരിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്.
ഇന്ത്യയുടെ ഏറ്റവും മഹത്തായ പൈതൃകമാണ് യോഗ. ലോകത്തിന് ഇന്ത്യയുടെ മഹത്തായ സമ്മാനം. ശാരീരിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ആത്മീയവും ബൗദ്ധികവുമായ ഉണര്‍വ് പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഈ മഹത്തായ പാരമ്പര്യം പരിശീലിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താം. Yoga for One Earth, One Health എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗദിന പ്രമേയം.
യോഗ മനസ്സിനെയും ശരീരത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്നു. ഈ വര്‍ഷത്തെ Yoga for One Earth, One He-alth എന്ന പ്രമേയം വ്യക്തിഗത ക്ഷേമത്തിലും ആഗോള സുസ്ഥിരതയിലും അതിന്റെ പങ്ക് എടുത്തുകാണിക്കുന്നു. സന്തുലിതവും പരിസ്ഥിതി ബോധമുള്ളതുമായ ജീവിതത്തിനായി യോഗയെ ദൈനംദിന ശീലമായി സ്വീകരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശമാണിത്.
പലതരം ജീവിത സാഹചര്യങ്ങളിലൂടെയാണ് ഓരോ വ്യക്തിയും കടന്നുപോകുന്നത്. ശാരീരിക വ്യായാമത്തിന്റെ കുറവും മാനസിക സംഘര്‍ഷങ്ങളുടെ ആധിക്യവും നിരവധി ശാരീരിക പ്രശ്‌നങ്ങള്‍, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവക്കൊക്കെ കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ക്രിയാത്മകമായി മറികടക്കാനും മനുഷ്യരെ കൂടുതല്‍ ഊര്‍ജസ്വലരായി മാറ്റുവാനും ശരിയായ രീതിയില്‍ യോഗ അഭ്യസിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കാന്‍ യോഗയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ പല രോഗങ്ങളെയും ചെറുക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ് യോഗ. പല ജീവിതശൈലീ രോഗങ്ങളെയും യോഗയിലൂടെ പ്രതിരോധിക്കാനാകും. പിരിമുറുക്കം കുറയ്ക്കാനും യോഗ ഏറെ ഗുണകരമാണ്. ചുരുക്കത്തില്‍ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ശാരീരിക-മാനസിക ക്ഷമത ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയും. മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിന് നിര്‍ദേശിക്കുന്ന മെഡിറ്റേഷന്‍ യോഗയുമായി അടുത്ത ബന്ധമുള്ളതാണ്.
മാനസികമായ നിരവധി ഗുണങ്ങളോടൊപ്പം ശാരീരികമായ അനേകം പ്രയോജനങ്ങളും യോഗ അഭ്യസിക്കുന്നതിലൂടെ നേടാനാകും. ശാരീരിക വ്യായാമങ്ങള്‍ പതിവായി ചെയ്യാത്തവര്‍ക്കുപോലും ശാരീരിക വഴക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് യോഗ. തുടക്കക്കാര്‍ക്ക് കുനിയാനും വളയാനുമെല്ലാം നേരിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാമെങ്കിലും പതിവായി ശീലിക്കുന്നതുവഴി ശരീരം വഴക്കമുള്ളതാകും. പേശികള്‍ ഫ്‌ലെക്‌സിബിള്‍ ആക്കാനും അവയെ ശക്തിപ്പെടുത്താനും യോഗ സഹായിക്കുന്നുണ്ട്. ഏതൊരു വ്യായാമമുറയുമെന്ന പോലെ തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാമെങ്കിലും പതിവാക്കിയാല്‍ അനായാസമാകും. പല ആസനങ്ങളും പേശികളുടെ ബലം മെച്ചപ്പെടുത്താന്‍ സഹായകമാണ്.
അമിത ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആസനങ്ങളും യോഗയിലുണ്ട്. മാത്രവുമല്ല, ഭാരം കൂട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളും യോഗയിലുണ്ട്.ഉദര സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ് യോഗ. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം യോഗയില്‍ പരിഹാരമുണ്ടെന്നത് ശ്രദ്ധേയമാണ് .
ഉദാസീനമായ ജീവിതശൈലിയും നീണ്ട മണിക്കൂറുകള്‍ ഇരുന്ന് ജോലി ചെയ്യുന്നതുമൊക്കെ കാരണം ഇന്ന് പല ആളുകളും നേരിടുന്ന പ്രശ്‌നങ്ങളാണ് നടുവേദന, കഴുത്ത് വേദന, കാല്‍മുട്ട് വേദന എന്നിവയൊക്കെ. ഇവയെയെല്ലാം ഒരു പരിധിവരെ യോഗ കൊണ്ട് പരിഹരിക്കാനാകും.
ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മികച്ചതാക്കാനും യോഗ സഹായിക്കും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയ അവസ്ഥകളെ നിയന്ത്രിക്കാനും യോഗയോളം മികച്ച മറ്റൊന്നില്ലെന്നാണ് ഗവേഷകര്‍ കരുതുന്നത്.
ശരീരഭംഗി നിലനിര്‍ത്താനും യോഗ സഹായകമാണ്. പതിവായി യോഗ ശീലിക്കുന്നത് ചര്‍മ്മത്തിലെ ഭംഗി മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും വളരെ ഗുണകരമാണ്. കൂടാതെ ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിച്ച് രാത്രി സുഖനിദ്ര പ്രധാനം ചെയ്യാനും , ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും ഏകാഗ്രത കൂട്ടാനും യോഗയിലെ ശ്വസന വ്യായാമങ്ങള്‍ പോലുള്ളവ സഹായിക്കും.എല്ലാത്തിനുമുപരി, പിരിമുറുക്കം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ലഘൂകരിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താനും യോഗ സഹായിക്കും. വിദഗ്ധ മേല്‍നോട്ടത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും ശീലിക്കാവുന്ന യോഗ മനസും ശരീരവും ഒരുപോലെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായമാണെന്നതാണ് അന്താരാഷ്ട്ര യോഗ ദിനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.
യോഗ ഒരു വ്യക്തിയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ട ഒരു വ്യായാമ മുറയാണിത്.
രാവിലെ യോഗ ചെയ്യുന്നവര്‍ പ്രഭാതകര്‍മ്മങ്ങള്‍ക്ക് ശേഷം ഒഴിഞ്ഞ വയറോടുകൂടിയാണ് യോഗ ആരംഭിക്കേണ്ടത്.
ശരീരത്തിന് അനുയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കുക, ശുദ്ധവായു കടക്കുന്ന സ്ഥലം കണ്ടെത്തുക എന്നിവ പ്രധാനമാണ്. രാവിലെ നാലിനും ഏഴിനുമിടയിലുള്ള സമയമാണ് യോഗത്ത് ഏറ്റവും നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഭക്ഷണം കഴിച്ച ഉടനെ ഒരിക്കലും യോഗ ചെയ്യരുത്. അതുപോലെ യോഗ ചെയ്ത ശേഷം കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായ യോഗയുടെ ഗുണഗണങ്ങള്‍ തിരിച്ചറിയാനും ജീവിതം തന്നെ മാറ്റിമറിക്കാനും സഹായിക്കുന്ന ഈ രീതിയെ അടുത്തറിയാനും അന്താരാഷ്ട്ര യോഗ ദിനം സഹായകമാകുമെന്നാശിക്കാം. ആത്മശാന്തിയും ശരീരാരോഗ്യവും നല്‍കുന്ന ഒരു സമഗ്രശാസ്ത്രമെന്ന നിലയില്‍ യോഗയെ മനസ്സിലാക്കിയാല്‍ വ്യക്തിതലത്തിലും സാമൂഹ്യ തലത്തിലും യോഗക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയും.


