കാണാതെ പോകരുതേ

സന്തോഷ് കണ്ണംപറമ്പില്‍
ഇന്ന് ഒന്നും കഴിച്ചിട്ടില്ല.
വിശപ്പൊട്ടും അറിയുന്നുമില്ല.
മരവിപ്പില്‍ പൊതിഞ്ഞിട്ട് നേരമേറെയായി.
നിങ്ങളൊക്കെ കഴിച്ചിട്ടല്ലേ വന്നത്?
എന്നെ പോലെ ഒന്നും കഴിക്കാതെയല്ലല്ലോ?
പോകാന്‍ തിരക്കുണ്ടെന്ന് പതം
പറയുന്നത് കേട്ടു…
തിരക്കില്‍ കുറച്ച്
സമയമെനിക്ക് തരണം
ഒരിത്തിരി നേരംകൂടി കാത്താല്‍,
കാണാം… കാണാതെ പോകരുത്…!
പലവട്ടം വിളിക്കുന്നതാണവളെ
ഇന്നൊട്ടും വിളിച്ചിട്ടില്ല..
അവളോ, നിര്‍ത്താതെ വിളിച്ചു കാണും
എടുക്കാന്‍ എനിക്കാകുന്നുമില്ലല്ലോ..
ഇന്ന് അമ്മയേയും കണ്ടിട്ടില്ല.
ഉണ്ണി വിളിച്ചില്ലേയെന്ന്
ഈ സമയത്തിനുള്ളില്‍ എത്രയോവട്ടം ചോദ്യമെറിഞ്ഞിട്ടുണ്ടാകുമമ്മ!
നാല്‍ചക്രവാഹന യാത്ര.
കണ്ണു നിറച്ചപൊടിക്കാറ്റില്‍
കാഴ്ചമൂടി .
ഇടിയുടെ ശബ്ദം
വാഹനം കീഴ്‌മേലാവുന്നരോര്‍മ്മ മാത്രം.
വെള്ള പുതപ്പിച്ച കറുത്ത മരണം!
മോര്‍ച്ചറി, നിങ്ങളുടെ കാല്‍ പെരുമാറ്റതിന്നായി കാത്തിരിക്കയായിരുന്നു.
നിങ്ങളുടെയും ഊഴമായി…
ഫ്രീസര്‍ തുറക്കപ്പെട്ടു.
മരിച്ചെന്നു തോന്നില്ല… ഉറങ്ങി കിടക്കുന്നത് പോലെയെന്ന് നിങ്ങളിലാരോ….
അവളും അമ്മയും തോരാതെ പെയ്യുന്നുണ്ട്……
നിലച്ച ഹൃദയത്തോടെ ഒട്ടും തിരക്കില്ലാത്ത ലോകത്താണിന്നു ഞാന്‍.
ഇനിയും വരുന്നവര്‍ തിരക്കെന്ന്
പറഞ്ഞു കാണാതെ പോകരുതേ..



