ഖത്തര്‍ സമുദ്രാതിര്‍ത്തികളില്‍ സംഗീതവും കലയും സാഹിത്യവും ചേര്‍ന്ന് ജി.ആര്.സി.സി വിന്റര്‍ ക്രൂയിസ് ട്രിപ്പ്

രണ്‍ജിത്ത് ചെമ്മാട്
ദോഹ. ഖത്തറിന്റെ സമുദ്രാതിര്‍ത്തികളിലെ നീലത്തിരമാലകളെ തഴുകി ജി.ആര്.സി.സി സംഘടിപ്പിച്ച ആഡംബര വിന്റര്‍ ക്രൂയിസ് ട്രിപ്പ് എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന അനുഭവങ്ങളോടെ വിജയകരമായി സമാപിച്ചു.

ഈന്തപ്പനപൂമ്പൊടികളുടെ തേന്‍ നുകര്‍ന്ന് കടലിലേയ്ക്ക് തിരിച്ച് പറക്കുന്ന നേര്‍ത്ത കടല്‍ക്കാറ്റിന്റെ സംഗീതത്തിന് കടല്‍ക്കാക്കകളുടെ ചിറകുകളുടെ വെണ്മയോളം ശുദ്ധിയുണ്ടായിരുന്നു. പ്രകൃതി ഒരുക്കിയ ശുദ്ധ സംഗീതവും തിരയില്‍ കുളിച്ച നനഞ്ഞ വായുവും ഋതുഭേദങ്ങളിലെ നനുത്ത തണുപ്പും സായാഹ്ന സവാരിക്ക് മായിക ഭാവം നല്കി.

ഖത്തറിന്റെ പരമ്പരാഗതമായ കടല്‍ത്തീരങ്ങളിലൂടെയുള്ള ക്രൂയിസ് യാത്ര കേവലം ഒരു വിനോദമല്ല, മറിച്ച് ആധുനികതയും പാരമ്പര്യവും ഒത്തുചേരുന്ന അതിമനോഹരമായ ഒരു സമ്മേളനമാണ് ഓരോ യാത്രക്കാരനും മനസ്സില്‍ പകര്‍ന്നു കൊടുത്തത്

ദോഹ കോര്‍ണിഷിലൂടെ ക്രൂയിസ് നീങ്ങുമ്പോള്‍ കാണുന്ന ആകാശചുംബികളായ കെട്ടിടങ്ങളുടെ ദൃശ്യം അതിശയിപ്പിക്കുന്നതാണ്. രാത്രിയില്‍ ഈ കെട്ടിടങ്ങള്‍ വര്‍ണ്ണാഭമായ പ്രകാശമാനവ്യതിയാനങ്ങളിലൂടെ തിളങ്ങുന്നത് കടലില്‍ നിന്നുള്ള ഏറ്റവും മനോഹരമായ കാഴ്ചയാണ്.

പ്രവാസലോകത്തെ തിരക്കുകളില്‍ നിന്നും മാറി, പ്രക്ഷുബ്ധമായ മനസ്സിലേയ്ക്ക് സമുദ്ര നീലിമയുടെ അഗാധമായ ശാന്തതയെ ആവാഹിക്കാന്‍ ഇത്തരം യാത്രകള്‍ ഉപകരിക്കുമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
സൂര്യാസ്തമയത്തിന്റെ സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍ സമുദ്രനീലിമയിലേക്ക് ലയിച്ച് പുതിയ മായിക വര്‍ണ്ണങ്ങള്‍ ചാലിക്കുന്ന അവിസ്മരണീയമായ നിമിഷങ്ങള്‍ യാത്രയുടെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്നായി.
ജി.ആര്.സി.സി പ്രസിഡന്റ് രോഷ്നി കൃഷ്ണന്റെ നേതൃത്വത്തില്‍ വിബ്ജിയോര്‍ ആര്‍ട്ട് ക്ലബ് ചിത്രകലാ വിദ്യാര്‍ത്ഥികളുടെ ലൈവ് ഡ്രോയിംഗ് സെഷനിലൂടെ കുട്ടികള്‍ സന്ധ്യയുടെ ഭാവങ്ങളെ കാന്‍വാസില്‍ പകര്‍ത്തി കടലില്‍ നിന്ന് അസ്തമന സൂര്യനെ സകല പശ്ചാത്തല മാനങ്ങളോടെയും കൂടി വിവിധ ഭാവങ്ങളില്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന കാഴ്ച്ച അതിമനോഹരമായിരുന്നു. പശ്ചാത്തലത്തില്‍ ഉയരുന്ന സംഗീത സദസ്സും ആസ്വാദകരുടെ പ്രോത്സാഹനങ്ങളും വേദിയ്ക്ക് പ്രത്യേക കാല്‍പ്പനിക ഭാവം പകര്‍ന്നു നല്കി.

സംഗീതത്തിനൊപ്പം വ്യത്യസ്തമായ നൃത്തപരിപാടികളും അരങ്ങേറി. അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പ്രകടനങ്ങള്‍ ക്രൂയിസിനെ ഉത്സവാന്തരീക്ഷത്തിലേക്ക് മാറ്റി. തുടര്‍ന്ന് അവതരിപ്പിച്ച സുബൈര്‍ പാണ്ഡവത്തിന്റെ മെന്റലിസം ഷോ അതിഥികളില്‍ അത്ഭുതവും കൗതുകവും ഒരുപോലെ സൃഷ്ടിച്ചു. ഓരോ പ്രകടനവും കൈയ്യടിയുടെയും ആവേശത്തിന്റെയും നിറവിലാണ് ആഘോഷിക്കപ്പെട്ടത്.
അംഗങ്ങള്‍ക്കിടയില്‍ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തിയ ഈ വിന്റര്‍ ക്രൂയിസ് ട്രിപ്പ്, ജി.ആര്.സി.സി ഖത്തറില്‍ സംഘടിപ്പിച്ച ഏറ്റവും മനോഹരവും ഓര്മ്മിക്കപ്പെടുന്നവുമായ പരിപാടികളിലൊന്നായി മാറി.
ജി.ആര്.സി.സി. പ്രസിഡന്റ് രോഷ്നി കൃഷ്ണന്, ആദര്‍ശ്, സുബൈര്‍ പാണ്ഡവത്ത്, വിനേഷ് ഹെഡ്ഗെ, സുബീര്‍, ശ്രീ പ്രണവ്, രണ്‍ജിത്ത് ചെമ്മാട് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം കൊടുത്തു.


