IM Special

യുദ്ധത്തിന്റെ കെടുതികള്‍ അവസാനിക്കുന്നില്ല


ഡോ.അമാനുല്ല വടക്കാങ്ങര

പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തെ മൊത്തം പിറകോട്ടടിപ്പിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നാല്‍പത് ദിവസത്തോളം നീണ്ടുനിന്ന യുദ്ധം തല്‍ക്കാലം വെടിനിര്‍ത്തലിലാണെങ്കിലും യുദ്ധക്കെടുതിയില്‍ നിന്നും ലോകത്തിന് മോചനം നേടാന്‍ ഇനിയും ഏറെ കഴിയേണ്ടിവരും .മനുഷ്യ പുരോഗതിക്കും വളര്‍ച്ചക്കും സുരക്ഷക്കും ക്ഷേമത്തിനുമൊക്കെ ചിലവഴിക്കേണ്ട വിലപ്പെട്ട വിഭവങ്ങളാണ് യുദ്ധം നശിപ്പിച്ചത്.

ഒരു യുദ്ധത്തിലും ആത്യന്തികമായി ആരും ജയിക്കുന്നില്ലയെന്നതാണ് യാഥാര്‍ഥ്യം. ഓരോ യുദ്ധത്തിലും പരാജയപ്പെടുന്നതും ദുരിതമനുഭവിക്കുന്നതും മനുഷ്യ രാശിയാണ് .

ലോകത്ത് പട്ടിണിയും രോഗങ്ങളുമൊക്കെ വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ അവ പരിഹരിക്കുന്നതിന് പ്രയോജനപ്പെടേണ്ട പണം മനുഷ്യരെ കൊല്ലാനും സൗകര്യങ്ങള്‍ നശിപ്പിക്കാനും വിനിയോഗിക്കുകയെന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും പുനരുദ്ധാരണപ്രവര്‍ത്തനത്തിനുമുള്ള വിഭവങ്ങള്‍ എവിടെയും കണ്ടെത്താനാകാത്തപ്പോള്‍ കൊല്ലുന്നതിനും നശിപ്പിക്കുന്നതിനുമായി കോടിക്കണക്കിനു ഡോളര്‍ ചെലവഴിക്കുന്നതിനെ വിമര്‍ശിച്ച ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. നശിപ്പിക്കാന്‍ ഒരുനിമിഷം മതി, പുനര്‍നിര്‍മിക്കാന്‍ ഒരു ജീവിതകാലം മതിയാവില്ല’എന്നാണ് പാപ്പ പറഞ്ഞത്

യുദ്ധം തകര്‍ക്കുന്ന ജീവനുകളും നശിപ്പിക്കുന്ന വിഭവങ്ങളും തിരിച്ചെടുക്കാനാവില്ല. മാനവരാശിയുടെ വളര്‍ച്ചക്കും പുരോഗതിക്കും പ്രയോജനപ്പെടേണ്ട വിഭവങ്ങള്‍ യുദ്ധക്കളങ്ങളില്‍ പാഴാക്കപ്പെടാവതല്ല.

യുദ്ധങ്ങളല്ല ,നയതന്ത്ര പരിഹാരങ്ങളാണ് സാംസ്‌കാരിക പ്രബുദ്ധതയുള്ള ലോകത്തിന്നാവശ്യം. യുദ്ധക്കളങ്ങളിലല്ല, ചര്‍ച്ചാ മേശകളിലാണ് പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുന്നതെന്ന തിരിച്ചറിവാണ് ലോകത്തിന് വേണ്ടത്. കയ്യൂക്കുള്ളവര്‍ കാര്യക്കാരനെന്ന കാടന്‍ ചിന്തകളെ സംവാദകളാലും നയതന്ത്ര ചര്‍ച്ചകളാലും അതിജീവിക്കുന്ന ലോകം എത്ര മനോഹരമായിരിക്കും.