IM Special

ഫിറോസ് നാദാപുരം മനസ്സ് തുറക്കുന്നു


ഇന്റര്‍നാഷണല്‍ മലയാളി എഡിറ്റര്‍ ഡോ.അമാനുല്ല വടക്കാങ്ങര നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം

സ്‌കൂള്‍ കോളേജ് തലങ്ങളിലൊക്കെ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലല്‍, സംഘ ഗാനം തുടങ്ങിയവയിലൊക്കെ സമ്മാനം നേടിയതിന്റെ പിമ്പലത്തില്‍ പാട്ടുകാരനും സംഗീതജ്ഞനുമൊക്കെയാകണമെന്ന മോഹവുമായി നടന്ന കാലത്ത് ശ്രൂതി ക്‌ളബ്ബില്‍ സംഗീത ഉപകരണങ്ങളും സ്റ്റേജുമൊക്കെ സെറ്റ് ചെയ്യുന്ന സഹായിയായെത്തിയ ഫിറോസ് ഓരോ പാട്ടുകള്‍ പാടി ജനകീയനാവുകയും ക്‌ളബ്ബിന്റെ പ്രധാന ഗായകനായി ഉയരുകയും ചെയ്തത് നിരന്തര പരിശ്രമം കൊണ്ടായിരുന്നു. ക്രമേണ കല്യാണ വീടുകളിലും ചെറിയ പാര്‍ട്ടികളിലുമൊക്കെ പാടാനവസരം ലഭിച്ചു.

താജുദ്ധീന്‍ വടകരയുടെ ഖല്‍ബാണ് ഫാത്തിമ കേരളമാകെ തരംഗം സൃഷ്ടിച്ച സമയത്താണ് സുഹൃത്തുമായി ചേര്‍ന്ന് പ്രിയമാണ് മിസ് രിയ എന്ന ആല്‍ബം ചെയ്തത്. എട്ട് പാട്ടുകള്‍ രചനയും സംഗീതവും ചെയ്ത് അതിലൊര് പാട്ട് താജുദ്ധീനെ കൊണ്ട് പാടിക്കണമെന്നാഗ്രഹിക്കുകയും ഒരു പാട് പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഖല്‍ബാണ് ഫാത്തിമയുടെ ഐതിഹാസിക വിജയത്തെ തുടര്‍ന്ന് താജുദ്ധീന്‍ വടകര വേദികളില്‍ നിന്നും വേദികളിലേക്കുള്ള ഓട്ടപ്പാച്ചിലിലായതിനാല്‍ അദ്ദേഹത്തെ കൊണ്ട് പാടിക്കാനായില്ല. ആ സമയത്താണ് ആ പാട്ട് എന്ത് കൊണ്ട് ഫിറോസിന് പാടിക്കൂട എന്ന് സതീഷ് ബാബു ചോദിക്കുന്നത്. ആ ചോദ്യം ജീവിതത്തിലെ വഴിത്തിരിവായിമാറുകയായിരുന്നു.അങ്ങനെയാണ് ലൈലാ ലൈലാ നീയെന്‍ ഖല്‍ബാ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം പാടി ഫിറോസ് നാദാപുരമെന്ന പാട്ടുകാരന്‍ മലയാളി സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ കൂട് കൂട്ടിയത്. കൊല്ലം ഷാഫിയും ജലാല്‍ മാഗ്‌നസും ചേര്‍ന്ന് നിര്‍മിച്ച ദില്‍ഹെ ഫാത്തിമ എന്ന റീമിക്‌സ് വേര്‍ഷന്‍ വന്നതോടെ ലൈലാ ലൈലാ നീയെന്‍ ഖല്‍ബാ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം പോലും ഷാഫി കൊല്ലത്തിന്റേതാണെന്നാണ് പലരും തെറ്റിദ്ധരിച്ചു . പ്രേമ ഗാനങ്ങളില്‍ പാടി അഭിനയിക്കാത്തതും മറ്റ് ചില ഗായകരും തന്റെ പാട്ട് പാടി അഭിനയിച്ചതുമാണ് ഫിറോസിന് പാരയായത്.

ആദ്യ കാസറ്റ് തന്നെ ഹിറ്റായി. സാമ്പത്തിക പ്രയാസമായതിനാല്‍ പതിനായിരം കാസറ്റുകളാണ് ആദ്യമടിച്ചത്. ഒരാഴ്ച കൊണ്ട് തന്നെ കാസറ്റുകള്‍ വിറ്റ് തീര്‍ന്നതോടെ ആവേശമേറി. എന്നാല്‍ കൂടുതല്‍ കാസറ്റടിക്കാന്‍ പൈസയില്ലാത്തതിനാല്‍ കെ.എം.എസ് ഓഡിയോസുമായി ധാരണയിലെത്തുകയും രണ്ടര ലക്ഷത്തോളം കാസറ്റുകള്‍ വില്‍ക്കുകയും ചെയ്തു.
നിസാര്‍ വയനാടിനെക്കൊണ്ട് പാടിച്ച തുള്ളിമഴയത്ത് എന്ന ഫിറോസിന്റെ ഗാനവും ഷാഫി പാടിയഭിനയിച്ചതിനാല്‍ അത് അദ്ദേഹത്തിന്റേതാണെന്ന് പലരും വിചാരിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ സംഗീത യാത്ര ഏറെ കൗതുകകരമാണ്. മുന്നൂറോളം ആല്‍ബങ്ങള്‍ ചെയ്ത അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ടിന്റെ രാജകുമാരനായ കണ്ണൂര്‍ ഷരീഫടക്കം പല പ്രമുഖരും പാടിയിട്ടുണ്ട്.

ഖത്തറില്‍ റഊഫ് മലയില്‍ നേതൃത്വം നല്‍കുന്ന ഖ്യൂ മെലോഡിയക്ക് വേണ്ടി അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങുന്ന ആല്‍ബത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദോഹയിലെത്തിയപ്പോഴാണ് അദ്ദേഹം ഇന്റര്‍നാഷണല്‍ മലയാളിയുമായി സംസാരിച്ചത്

ഷൈജല്‍ ഒടുങ്ങാക്കാടിന്റെ രചനയില്‍ ഹിബാ ഫാത്തിമ ആലപിക്കുന്ന നീര്‍മാതളം , സന്ധീപ് പാടുന്ന ഖുര്‍ആന്‍, സുഭാഷ് ആലപിക്കുന്ന പെയ്‌തൊഴിഞ്ഞ മഴയില്‍, റഊഫ് മലയില്‍ ആലപിക്കുന്ന തൗബ, ഫഫീഖ് പട്ടാമ്പിയും ഷെറിന്‍ പൊയ്‌ലിയും ചേര്‍ന്നാലപിക്കുന്ന റൂഹിന്റെ പാതി, പിടി അരീക്കോടിന്റെ രചനയില്‍ ഫിറോസും ഹിബ ഫാത്തിമയും ചേര്‍ന്ന് പാടുന്ന പ്രണയമഴ, ഇല്യാസ് കടമേരിയുടെ രചനയില്‍ ഷാഹിദ് ഷാ ആലപിക്കുന്ന കണ്മണി എന്നിവയാണ് ഫിറോസ് നാദാപുരത്തിന്റെ സംഗീത സംവിധാനത്തില്‍ അടുത്ത് തന്നെ ദോഹയില്‍ റിലീസിനൊരുങ്ങുന്ന പാട്ടുകള്‍

നാദാപുരത്ത് ബദര്‍ പാട്ടുകളൊക്കെ മൂളി നടക്കുമായിരുന്ന ഇറച്ചിവെട്ടുകാരന്‍ മമ്മുവിന്റേയും മറിയത്തിന്റേയും പത്താമത്തെ മകനായാണ് ഫിറോസിന്റെ ജനനം. സഹോദരന്മാരായ കുഞ്ഞാലിയും അന്ത്രുവുമൊക്കെ ചെറിയ തോതില്‍ പാടുകയും സംഗീതോപകരണങ്ങളുമായി ബന്ധമുള്ളവരുമായിരുന്നു. അവരില്‍ നിന്നൊക്കെയാകാം തനിക്കും സംഗീത വാസന ലഭിച്ചതെന്നാണ് ഫിറോസ് കരുതുന്നത്.

തന്നെ ആദ്യമായി ഖത്തറിലെത്തിച്ചത് ദോഹ സ്‌റ്റേജ് മുസ്തഫയായിരുന്നുവെന്നും ഖത്തറില്‍ തനിക്ക് ഏറ്റവും വലിയ പിന്തുണ ലഭിച്ചത് ഈസക്കയില്‍ നിന്നായിരുന്നുവെന്നും അദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നു. ഈസക്കയുടെ വിയോഗാനന്തരം ഖ്യൂ മെലോഡിയയുടെ അമരക്കാരനായ റഊഫ് മലയിലിന്റെ സ്‌നേഹവും പിന്തുണയുമാണ് താന്‍ ഏറെ വിലമതിക്കുന്നത്.