ബഷീറിയം 2022 അവതരണ മികവ് കൊണ്ടും വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഷീറിയം 2022 എന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി അവതരണ മികവ് കൊണ്ടും വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി .
തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ അനുസ്മരണ സന്ദേശം നല്‍കി. മലയാള ഭാഷക്ക് സവിശേഷമായ ബഷീര്‍ ശൈലി സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അപൂര്‍വ്വം ജന്മങ്ങളില്‍ ഒരാളാണെന്നും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും ജയിലില്‍ കിടക്കുകയും ചെയ്ത അദ്ദേഹം സമൂഹത്തോടും രാജ്യത്തോടുമുള്ള തന്റെ സ്‌നേഹം പ്രവൃത്തിയിലൂടെ കാണിച്ചുതരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ അവകാശികള്‍ എന്ന നിലക്ക് എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് തന്റെ നാടന്‍ ശൈലിയില്‍ മനുഷ്യരെ ഓര്‍മ്മിപ്പിച്ച മഹാനായ പ്രകൃതി സ്‌നേഹിയായിരുന്നു ബഷീര്‍ എന്നും പ്രതാപന്‍ പറഞ്ഞു.
ബഷീറിയം സദസ്സ് കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് സെക്രട്ടറി അനീസ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ കത്തുകളിലൂടെയും കൃതികളിലൂടെയും സാമൂഹിക വിചാരത്തിലൂടെയും ഷാദിയ ശരീഫ്, സന നസീം, മര്‍സൂഖ് തൊയക്കാവ് എന്നിവര്‍ ആവിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചു.
കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹദ് അധ്യക്ഷത വഹിച്ചു. ജില്ലാ കലാ വിഭാഗം സെക്രട്ടറി സലീം എന്‍.പി സ്വാഗതവും കണ്‍വീനര്‍ നിഷാദ് ആര്‍.വി നന്ദിയും പറഞ്ഞു.