തെരഞ്ഞെടുപ്പിനൊരുങ്ങി ഖത്തര്‍ ഇന്‍കാസ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയുടെ നിര്‍ദേശ പ്രകാരം പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ നടക്കുന്ന തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി ഖത്തറിലെ ഇന്‍കാസ് പ്രവര്‍ത്തകര്‍. പ്രസിഡണ്ട് ഉള്‍പ്പെടെ മുഴുവന്‍ സ്ഥാനങ്ങളിലും മത്സരിക്കുവാന്‍ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു.
നിലവിലെ പ്രസിഡന്റിന്റെ കെടും കാര്യസ്ഥതയും പിടിപ്പുകേടുമാണ് വിഷയം ഈ സാഹചര്യത്തില്‍ എത്തിച്ചത്. യഥാസമയം സംഘടനാ തെരെഞ്ഞെടുപ്പു നടത്തുകയോ ഭരഘടന പ്രകാരം ഭാരവാഹി പട്ടിക സമര്‍പ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ നിലവിലെ സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റും സെക്രട്ടറിയും ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുകയും അത് പ്രകാരം കഴിഞ്ഞ മെയ് 20 ന് മുമ്പ് ഏകകണ്ഠമായ ഭാരവാഹി ലിസ്റ്റ് കൊടുക്കുകയോ അല്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അന്നത്തെ തീരുമാനം നടപ്പിലാക്കാത്തതിനാലാണ് ഇപ്പോള്‍ ഐസിസിയുടെ നേതൃത്വത്തില്‍ തെരെഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാക്കിയതെന്നും യോഗം വിലയിരുത്തി.
നിലവില്‍ ഖത്തര്‍ ഇന്‍കാസ് പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ എംബസിയുടെ അപേക്സ് ബോഡിയായ ഐ.സി.സി യില്‍ അഫ്ലിയേറ്റ് ചെയ്താണ്.
ആയതിനാല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട് ഇന്‍കാസ് പ്രസ്ഥാനത്തിന്റെ അഫ്ലിയേഷന് നിലനിര്‍ത്തുക എന്ന ഒരു വലിയ ഉത്തരവാദിത്വം കൂടെ നിറവേറ്റേണ്ടതുണ്ടെന്നു യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും അഭിപ്രായപെട്ടു .
തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി പ്രദീപ് പിള്ളൈ കണ്‍വീനറും ബഷീര്‍ തുവാരിക്കല്‍, മജീദ് പാലക്കാട്, താജുദ്ധീന്‍ തൃശൂര്‍, വി എസ് അബ്ദുറഹ്മാന്, അശ്റഫ് വാകയില്‍ എന്നിവര്‍ അംഗങ്ങളായും തെരെഞ്ഞടുപ്പ് സമിതി രൂപീകരിച്ചു.
ഹൈദര്‍ ചുങ്കത്തറയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എപി മണികണ്ഠന്, കെ വി ബോബന് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും മജീദ് പാലക്കാട് നന്ദിയും പറഞ്ഞു.