കോവിഡ് ഭീഷണി, ഏപ്രില്‍ 4 മുതല്‍ ഖത്തറിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ളാസുകളിലേക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുകയും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയില്‍ ധാരാളം അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം ഏപ്രില്‍ 4 മുതല്‍ ഖത്തറിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ളാസുകളിലേക്ക് മാറാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
ഖത്തറിലെ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, പൊതു, സ്വകാര്യ സര്‍വ്വകലാശാലകള്‍ എന്നിവയെല്ലാം വിദൂര പഠനത്തിലേക്ക് മാറും. ഇതോടെ പരമ്പരാഗത മുഖാമുഖ അധ്യാപനവുമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുന്ന മിശ്രിത പഠന സമ്പ്രദായം നിര്‍ത്തലാക്കും.
അധ്യാപക അധ്യാപകേതര ജീവനക്കാര്‍ തുടര്‍ന്നും സ്‌ക്കൂളില്‍ പങ്കെടുക്കണമെന്നും മന്ത്രാലയം തീരുമാനിച്ചു. എല്ലാ പരീക്ഷകളും സ്‌കൂളുകളില്‍ ശാരീരികമായി നടക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പിന്നീടുള്ള തീയതിയില്‍ പ്രഖ്യാപിക്കും.
വിദൂര പഠനം വിദ്യാഭ്യാസ-അക്കാദമിക് പ്രക്രിയയുടെ അവിഭാജ്യ ഘടകമാണെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഊന്നിപ്പറഞ്ഞു, വിദൂര പഠനത്തോടൊപ്പം പോലും ഹാജര്‍ കണക്കാക്കും. വിദൂര പഠനവുമായി തുടരാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട മന്ത്രാലയം കുട്ടികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് ഉറപ്പാക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു