വിനോദവും വാണിജ്യവും കോര്‍ത്തിണക്കിയ ഷോപ്പ് ഖത്തര്‍ ഫെസ്റ്റിവല്‍ ഇന്നു മുതല്‍
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : വിനോദവും വാണിജ്യവും കോര്‍ത്തിണക്കിയ ഷോപ്പ് ഖത്തര്‍ ഫെസ്റ്റിവല്‍ ഇന്നു മുതല്‍. കോവിഡ് കാലം വിതച്ച ഭീതിയുടേയും ആശങ്കയുടേയും കാര്‍മേഘങ്ങള്‍ നീങ്ങി ജനമനസുകളിലേക്ക് പ്രതീക്ഷയുടേയും പ്രത്യാശയുടേയും സന്ദേശങ്ങളുമായി ഖത്തര്‍ ടൂറിസം പ്രഖ്യാപിച്ച ‘ഷോപ്പ് ഖത്തര്‍ ഫെസ്റ്റിവലിനെ സ്വദേശികളും വിദേശികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ 18 മാസത്തോളമായി കോവിഡ് കാരണം നിന്നുപോയ ആഘോഷങ്ങളുടെ ആരവങ്ങളിലേക്കാണ് ഖത്തര്‍ മിഴി തുറക്കുന്നത്.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ വര്‍ഷത്തെ ഷോപ്പ് ഖത്തര്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 10 മുതല്‍ 10 ഒക്ടോബര്‍ 10 വരെ നടക്കും. ഷോപ്പിംഗും വിനോദവും കോര്‍ത്തിണക്കിയ ആഘോഷ പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചാണ് സംഘടിപ്പിക്കുക. ദോഹയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള 15 കേന്ദ്രങ്ങളില്‍ 90 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വാങ്ങാമെന്നതാണ് ഷോപ്പ് ഖത്തറിന്റെ ഏറ്റവും വലിയ സവിശേഷത.
ഷോപ്പ് ഖത്തറിന്റെ അഞ്ചാം എഡിഷനായ ഈ വര്‍ഷം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഖത്തര്‍ ഡ്യൂട്ടി ഫ്രീയും ചേരുന്നതോടെ മേള ഇന്റര്‍നാഷണല്‍ സ്വഭാവത്തിലുളളതാകും.
നാല് മില്യണ്‍ റിയാലില്‍ കൂടുതല്‍ പണവും കാറുകളും ഉള്‍പ്പെടെ നൂറുകണക്കിന് സമ്മാനങ്ങള്‍ നാല് പ്രതിവാര നറുക്കെടുപ്പിലൂടെ നേടാന്‍ ഷോപ്പ് ഖത്തര്‍ അവസരമൊരുക്കും.
രാജ്യമെമ്പാടുമുള്ള 60-ലധികം പ്രമുഖ ഹോട്ടലുകള്‍ മുഴുവന്‍ കുടുംബത്തിനും ആകര്‍ഷകമായ പ്രമോഷനുകളും പരിപാടികളുമായി മേളയുടെ ഭാഗമാകും. ആയിരക്കണക്കിന് ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഗിഫ്റ്റ് വൗച്ചറുകള്‍ നേടാന്‍ ഷോപ്പര്‍മാര്‍ക്ക് അവസരം ലഭിക്കും.
ഖത്തര്‍-യുഎസ്എ സംസ്‌കാര വര്‍ഷത്തെ അടയാളപ്പെടുത്തുന്ന പോപ്പ്-അപ്പ് ഷോപ്പുകള്‍, ഡിസൈന്‍ വര്‍ക്ക്‌ഷോപ്പുകള്‍, രണ്ട് അന്താരാഷ്ട്ര ഫാഷന്‍ ഷോകള്‍ എന്നിവയ്ക്ക് പുറമേ ആദ്യമായി ഷോപ്പ് ഖത്തര്‍ ഡിസൈന്‍ വീക്കിന് മുശൈരിബ് ഡൗണ്‍ ടൗണിലെ ദോഹ ഡിസൈന്‍ ഡിസ്ട്രിക്റ്റ് വേദിയാകും.