Breaking News

തൊഴിലാളി ക്ഷേമ പദ്ധതികളുമായി ഖത്തര്‍ മുന്നോട്ടുപോകും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ നടപ്പാക്കി വരുന്ന വൈവിധ്യമാര്‍ന്ന തൊഴിലാളി ക്ഷേമ പദ്ധതികളുമായി രാജ്യം മുന്നോട്ടുപോകുമെന്നും ലോക കപ്പിന് ശേഷവും മേഖലയിലെ തൊഴിലാളി ക്ഷേമ പദ്ധതികളുടെ മാതൃകയാകും ഖത്തറെന്നും തൊഴില്‍ മന്ത്രാലയം. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ന്യൂസ് ഏദന്ഡസിക്ക് നല്‍കിയ പ്രസ്താവനയിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഖത്തര്‍ നടപ്പാക്കുന്ന തൊഴില്‍ നിയമങ്ങളും പരിഷ്‌കാരങ്ങളും ഫിഫ 2022 മുന്നില്‍ കണ്ട് മാത്രമല്ലെന്നും ലോക കപ്പിന് ശേഷവും പ്രവാസി തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാന്‍ ഏറ്റവും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പിന്തുടരുമെന്നും ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഫിഫ 2022 ലോക കപ്പിന് ആതിഥ്യമരുളുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ മേഖലയില്‍ തുടര്‍ച്ചയായതും സുസ്ഥിരവുമായ പരിഷ്‌കാരങ്ങളാണ് നടക്കുന്നത്. തൊഴില്‍ രംഗത്തെ നവീകരിക്കുന്ന നിയമനിര്‍മ്മാണ വികസനം ഖത്തറിന്റെ തന്ത്രപ്രധാനമായ ഓപ്ഷനായി മാറിയെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

തൊഴില്‍ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ജോലിസ്ഥലങ്ങളിലും തൊഴിലാളികളുടെ പാര്‍പ്പിടങ്ങളിലും മുന്‍കരുതല്‍ നടപടികളും ആരോഗ്യ ആവശ്യകതകളും പരിഗണിച്ച് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഖത്തറിലെ
തൊഴില്‍ അന്തരീക്ഷത്തില്‍ വിപ്‌ളവകരമായ മാറ്റങ്ങളാണ് നടന്നത്. തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന എല്ലാ നടപടികളും തുടരും.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനുമായും (ഐഎല്‍ഒ) നിരവധി അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള വിശിഷ്ടമായ പങ്കാളിത്തം ഖത്തറിലെ തൊഴില്‍ അന്തരീക്ഷത്തില്‍ വികസനവും നവീകരണവും സാക്ഷാല്‍ക്കരിക്കുന്നതിനു സഹായകമായി. തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി, വരും കാലത്ത് അന്താരാഷ്ട്ര സംഘടനകളുമായി സംയുക്ത സഹകരണത്തിനുള്ള അവസരങ്ങളുടെ പുതിയ ചക്രവാളങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തൊഴിലാളികള്‍ കൈവരിച്ച നേട്ടങ്ങളുടേയും രാജ്യത്തിന്റെ സമഗ്ര വികസന നവോത്ഥാനത്തിലേക്കുള്ള മുന്നേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൊഴിലാളി ദിനാഘോഷത്തിന് പ്രാധാന്യമേറെയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

Related Articles

Back to top button
error: Content is protected !!