Archived Articles

പ്രവാസികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭവനപദ്ധതി തയാറാക്കണം: ജെ.കെ.മേനോന്‍

പ്രവാസികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭവനപദ്ധതി തയാറാക്കണമെന്ന് ജെ.കെ.മേനോന്‍. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ പ്രവാസികളുടെ ക്ഷേമത്തിന് മൂന്ന് പ്രധാന പദ്ധതികള്‍ അവതരിപ്പിച്ച് ശ്രദ്ധേയമാവുകയാണ് നോര്‍ക്ക ഡയറക്ടറും, ഖത്തറിലെ എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ മേനോന്‍.

ഭവന പദ്ധതി, പ്രവാസികള്‍ക്കും, കുടുംബത്തിനും ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളില്‍ നിക്ഷേപത്തിനവസരം എന്നീ മൂന്ന് പ്രധാന കര്‍മ്മ പദ്ധതികളാണ് മൂന്നാം ലോക കേരള സഭയുടെ സമീപനരേഖ സംബന്ധിച്ച ചര്‍ച്ചയില്‍ നോര്‍ക്ക ഡയറക്ടറും, ഖത്തറിലെ എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ മേനോന്‍ അവതരിപ്പിച്ചത്.

പല പ്രവാസികളും നേരിടുന്ന പ്രശ്നമാണ് ഭവന നിര്‍മാണ വായ്പകളിന്മേലുള്ള നിയമകുരുക്ക്. ബാങ്കുകളുടെ സാങ്കേതികത്വത്തില്‍ പലപ്പോഴും വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാത്ത ലക്ഷകണക്കിന് പ്രവാസികളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡുമായി സഹകരിച്ച് ഭവനപദ്ധതി തയാറാക്കിയാല്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസം ലഭിക്കുമെന്ന് ജെ.കെ.മേനോന്‍ പറഞ്ഞു.

പ്രവാസികളില്‍ ഏറിയ പങ്കും ദീര്‍ഘകാലം വിദേശത്ത് തൊഴില്‍ ചെയുന്നുണ്ട്. പക്ഷെ അവരുടെ വരുമാനം കേവലം സ്ഥലം വാങ്ങുക, വീടുവെയ്ക്കുക എന്നിവയില്‍ മാത്രമായി ഒതുങ്ങുകയാണ്. കാര്യമായ നിക്ഷേപമോ, സാമ്പത്തീക പിന്‍ബലമോ അതുകൊണ്ട് തന്നെ പല പ്രവാസികള്‍ക്കുമില്ലാതെ പോകുന്നുണ്ട്. ഇത്തരത്തില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഭാവികാലത്തെ ഭദ്രമാക്കുന്ന നിക്ഷേപ പദ്ധതികളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനുള്ള പദ്ധതി തയാറാക്കണമെന്നും ജെ.കെ മേനോന്‍ ലോക കേരള സഭയില്‍ ആവശ്യപ്പെട്ടു.

നിക്ഷേപ സാധ്യതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികള്‍ക്കണ് നാം പ്രാമുഖ്യം നല്‍കേണ്ടത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധനകാര്യ ഏജന്‍സികള്‍ കൂടുതല്‍ മികച്ച പദ്ധതികള്‍ തയാറാക്കണം. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളിന്മേല്‍ നിക്ഷേപത്തിന് സാധ്യതയുണ്ടാക്കിയാല്‍ നഷ്ടത്തിലായ പല കോര്‍പ്പറേഷനുകളും ലാഭത്തിലാകുമെന്നും പ്രവാസികള്‍ക്ക് അത് ഗുണകരമാകുമെന്നും ജെ.കെ മേനോന്‍ വിശദമാക്കി.

കേരളത്തിന്‍റെ വികസന പദ്ധതികളില്‍ പ്രവാസികളുടെ അനുഭവ സമ്പത്തും, സാങ്കേതിക പരിജ്ഞാനവും ഉപയോഗപ്പെടുത്താവുന്നതാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളില്‍ വൈദഗ്ധ്യമുള്ളവരെ കണ്ടെത്തുകയും അവരുടെ സാങ്കേതിക പരിജ്ഞാനം നാടിന് ഉപയോഗപ്പെടുത്താവുന്നതാണ്.

കേരളത്തില്‍ നിന്നും ഗള്‍ഫ്, യൂറോപ്പ്, അമ്മേരിക്ക തുടങ്ങിയ രാജ്യങ്ങളിലെക്ക് നിരവധി പേര്‍ തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി കുടിയേറ്റം നടത്തുന്നുണ്ട്. ഇത്തരം കുടിയേറ്റത്തിനിടയില്‍ വിദേശ പൗരത്വം ആഗ്രഹിക്കുന്നവരുമുണ്ട്. വിവിധ രാജ്യങ്ങളിലെക്ക് കുടിയേറ്റം നടത്തുന്ന മലയാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി പ്രവാസികള്‍ക്ക് സമഗ്രമായ ഇന്‍ഷുറന്‍സ് കവറേജ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ വിപ്ലവകരമായ പദ്ധതിയായി മാറുമെന്ന് ജെ.കെ മേനോന്‍ പറഞ്ഞു. വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സ-അപകടം-മരണം തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ ഇന്‍ഷുറന്‍സ് കവറേജാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നതെന്നും ജെ.കെ.മേനോന്‍ വ്യക്തമാക്കി.

ലോക കേരള സഭയില്‍ നിന്നും ചിലര്‍ വിട്ടു നിന്നത് പ്രവാസികളായ ഞങ്ങള്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ട്. കോവിഡ് കാലത്തും, പ്രളയകാലത്തും തുടങ്ങി നാടിന്‍റെ പ്രതിസന്ധിഘട്ടങ്ങളില്‍ എല്ലാവരും രാഷ്ഷീയവും, മതവും, ജാതിയും മറന്ന് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. പ്രവാസികള്‍ക്ക് ഇത്തരത്തില്‍ ഒരിക്കലും വിട്ടു നില്‍ക്കാനാകില്ല. പ്രവാസികള്‍ക്ക് ഒരു ജാതിയും, ഒരു മതവും ഒരു രാഷ്ട്രീയമേയുള്ളു അത് പ്രവാസിയെന്ന കൂട്ടായ്മയാണെന്നും ജെ.കെ.മേനോന്‍ വ്യക്തമാക്കി.

പ്രവാസലകത്തോട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ, ആദരവ് എന്നിവക്ക് ഉദ്ദാഹരണമാണ് ലോക കേരള സഭയുടെ ആരംഭവും, ഇപ്പോള്‍ നടക്കുന്ന മൂന്നാം സമ്മേളനവും. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം നാം അഭിമുഖീകരിച്ച പ്രതിസന്ധികള്‍,പ്രളയം, കോവിഡ് തുടങ്ങി എത്രയെത്ര ദുരന്തങ്ങള്‍. അതില്‍ നിന്നും അതിജീവിച്ച് മുന്നോട്ടുപോവുകയാണ്. പ്രവാസികള്‍ക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികളോട് ഏറ്റവും അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ളതെന്നും ജെ.കെ.മേനോന്‍ പറ‍ഞ്ഞു. കേരളത്തിന്‍റെ വളര്‍ച്ചക്ക് കൂടുതല്‍ കരുത്തേകാന്‍ ലോക കേരള സഭക്ക് കഴിയട്ടെയെന്ന് ജെ.കെ.മേനോന്‍ ആശംസിച്ചു.

Related Articles

Back to top button
error: Content is protected !!