
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : നടപടി വൈകിക്കരുത് – നടുമുറ്റം
ദോഹ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍, കുറ്റക്കാര്‍ക്കെതിരെ ഇനിയും നടപടി വൈകുന്നത് കുറ്റവാളികള്‍ രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുമെന്ന് നടമുറ്റം ഖത്തര്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദാസീനത അപലപനീയമാണെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും നടമുറ്റം ഖത്തര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .ഏറ്റവും സുരക്ഷിതത്വം നല്‍കുന്ന തൊഴിലിടം എന്ന് കരുതിയിരുന്നിടത്ത്, സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളും, മനുഷ്യാവകാശ ലംഘാനങ്ങളുമാണ് ഈ റിപ്പോര്‍ട്ടില്‍ തുറന്ന് കാണിച്ചിട്ടുള്ളത്. 4 വര്‍ഷത്തോളം ഈ റിപ്പോര്‍ട്ട് പുറത്ത് വിടാതെ വെച്ചത്, ഇരകളോടുള്ള കടുത്ത അനീതിയും ഈ തെറ്റ് ആവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലുമായിരുന്നു . ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ കേരളത്തിലെ സ്ത്രീ ജീവിതങ്ങള്‍ തൊഴിലിടങ്ങളില്‍ എത്രമാത്രം അരക്ഷിതമാണെന്ന് തെളിയിക്കുന്നതാണ്.
വരും കാലങ്ങളില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളോടുള്ള ഇത്തരം നീതികേട് ഉണ്ടാകാതിരിക്കാന്‍, പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ഹേമ കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മ്മാണം നടത്താനും കേരള സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും നടുമുറ്റം ആവശ്യപ്പെട്ടു.