മത്സരഭൂമികയില്‍ നിന്ന് ക്ലാസ്സ് മുറികളിലേക്ക്: ഏഷ്യന്‍ ഗെയിംസ് കായിക താരങ്ങള്‍ നോബിള്‍ ഇന്റര്‍നാഷണല്‍സ്‌കൂള്‍ സന്ദര്‍ശിച്ചു

ദോഹ: 2023-ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ പ്രമുഖ കായികതാരങ്ങള്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. സ്‌കൂള്‍ സംഘടിപ്പിച്ച മീറ്റ് ദ സ്‌പോര്‍ട്‌സ് സ്റ്റാര്‍സ് ‘ എന്ന പരിപാടിയിലാണ് കായിക താരങ്ങളുടെ സാന്നിധ്യം വിദ്യാര്‍ത്ഥികളില്‍ ആവേശം സൃഷ്ടിച്ചത്.
ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ്‌മെഡല്‍ ജേതാവായ പാറുള്‍ ചൗധരി, സില്‍വര്‍ മെഡല്‍ ജേതാവായ കിഷോര്‍ ജെന, ബ്രോണ്‍സ് മെഡല്‍ നേടിയ ഗുല്‍വീര്‍ സിംഗ് എന്നിവരാണ് മുഖ്യാതിഥികളായി പരിപാടിയില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുമായി സംവദിച്ച അത്‌ലറ്റുകള്‍, കായികമേഖലയിലെ അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. മികച്ച വിജയത്തിന് പിന്നില്‍ നിരന്തര പരിശ്രമവും ആത്മവിശ്വാസവും പ്രധാനമാണെന്ന് അവര്‍ വിദ്യാര്‍ഥികളോട് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളില്‍ ഉത്സാഹവും ആത്മവിശ്വാസവും വളര്‍ത്താനും കായിക മേഖലയിലേക്കുള്ള സ്വപ്നങ്ങള്‍ക്ക് ചിറകേകാനുമായുള്ള മികച്ച അവസരമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഫിനാന്‍സ് ഡയറക്ടര്‍ ടി.എ.ജെ. ഷൗക്കത്തലിയും പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുള്‍ റഷീദും അഭിപ്രായപ്പെട്ടു. വൈസ് പ്രിന്‍സിപ്പല്‍സ്, സെക്ഷന്‍ ഹെഡ്‌സ്, അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.