Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM SpecialUncategorized

ജൂണ്‍ 19, ദേശീയ വായന ദിനം : വായിക്കുക, വളരുക, വെളിച്ചമായി മാറുക


ഡോ.അമാനുല്ല വടക്കാങ്ങര

വായിച്ചു വളരുകയെന്ന ഉജ്വലമായ മുദ്രാവാക്യവുമായി മറ്റൊരു ദേശീയ വായന ദിനം കൂടി കടന്നുവരുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് ഇന്ത്യയില്‍ ദേശീയ വായന ദിനമായി ആചരിക്കുന്നത്. മലയാളിയെ വായനയുടെ വിശാലതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹമാണ്. വീടുകളില്‍ പുസ്തകങ്ങള്‍ എത്തിച്ച് വായനയിലൂടെ വിവേകം നേടാന്‍ അദ്ദേഹം പഠിപ്പിച്ചു. വായനയെക്കുറിച്ച് നിരന്തരം സംസാരിച്ചു.

കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില്‍ ‘സനാതനധര്‍മം’ വായനശാല ആരംഭിച്ചാണ് പി.എന്‍. പണിക്കര്‍ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് ‘വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക’ എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

മനുഷ്യന് വൈജ്ഞാനികവും സാംസ്‌കാരികവും ധാര്‍മികവുമായ ദിശാബോധം നല്‍കുന്ന സുപ്രധാനമായൊരു സര്‍ഗപ്രക്രിയയാണ് വായന. ചിന്തയുടെ ഇന്ധനമായ വായന മനുഷ്യനെ നവീകരിക്കുകയും വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. വിശാലമായ ലോകത്തിന്റെ വാതായനങ്ങള്‍ തുറക്കുന്ന പുസ്തകങ്ങള്‍ പുതിയ കാഴ്ചപ്പാടുകളും അറിവുകളും നല്‍കുക മാത്രമല്ല നല്ല മനുഷ്യരേയും സംസ്‌കാര സമ്പന്നരായ പ്രബുദ്ധ പൗരന്മാരേയും വാര്‍ത്തെടുക്കുകയും ചെയ്യും.

ജീവിത യാത്രയില്‍ ഇരുട്ടകറ്റാന്‍ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങള്‍. ലോകത്തിന്റെ ചിന്താഗതികള്‍ മാറ്റിമറിച്ചതില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കര്‍മോത്സകരാകാനുമുള്ള കരുത്ത് ഉത്തമഗ്രന്ഥങ്ങള്‍ക്കുണ്ട്.

മണ്‍മറഞ്ഞ എഴുത്തുകാരും ദാര്‍ശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാന്‍ നമ്മെ സഹായിക്കുന്നത് വായനയാണ് .

A reader lives a thousand lives before he dies. The man who never reads lives only one’ ‘ഒരു വായനക്കാരന്‍ മരിക്കുന്നതിനുമുമ്പ് ആയിരം ജീവിതം ജീവിക്കുന്നു. ഒരിക്കലും വായിക്കാത്ത മനുഷ്യന്‍ ഒരു ജീവിതം മാത്രമേ ജീവിക്കുന്നുള്ളൂ എന്നാണ് പ്രശസ്ത അമേരിക്കന്‍ സാഹിത്യകാരനായിരുന്ന ജോര്‍ജ്ജ് ആര്‍.ആര്‍. മാര്‍ട്ടിന്‍ പറഞ്ഞുവെച്ചത്.

മനസ്സിന്റെ ആഹാരമായ വായന അറിവിന്റെ തുടക്കമാണ്. പുതിയ ആശയങ്ങളും പ്രതീക്ഷകളും വ്യക്തികളേയും സമൂഹത്തെയും കാലത്തിന്റെ ചുവരെഴുത്തുകള്‍ ക്രിയാത്മകമായി വായിക്കുവാന്‍ സജ്ജമാക്കും. ഡിജിറ്റല്‍ കാലത്ത് പരമ്പരാഗതമായ വായനയില്‍ വലിയ വ്യത്യാസങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഇ-ബുക്കുകളും ഓഡിയോബുക്കുകളും ഓണ്‍ലൈന്‍ വായനകളുമൊക്കെ സജീവമായി തന്നെ നടക്കുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ് . കാരണം പുസ്തകങ്ങള്‍ ചങ്ങാതിമാരാണ്. നമ്മെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയുന്ന ഉത്തമ ഗുരുക്കളും.തുറന്ന വായനയിലൂടെ അറിവിന്റെ മഹത്തായ പാതയിലേക്കും ചിന്തകളുടെ വിശാലമായ ലോകത്തേക്കും കടന്നുചെല്ലാനാകും. അറിവ് പകര്‍ന്നു തരാനുള്ള ഏറ്റവും ശക്തമായ ആയുധം പുസ്തകങ്ങളാണ്.വിജ്ഞാനപരമായ സമൂഹം രൂപപ്പെടുത്താന്‍ വായന അത്യാവശ്യമാണ്. വായന മനുഷ്യനെ വിശാലമായി ചിന്തിക്കാനും ആലോചിക്കാനും ശരിയായ തീരുമാനമെടുക്കാനും പ്രാപ്തനാക്കുകയും രാജ്യ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും. ‘വായിക്കൂ, പഠിക്കൂ, ക്രിയാത്മായി നിലനില്‍ക്കൂ’ എന്ന സുപ്രധാനമായ സന്ദേശമാണ് വായനദിനം അടിവരയിടുന്നത്.

വായനയിലൂടെ അറിവിന്റെയും ഭാവനയുടെയും ലോകം നമുക്കു മുന്നില്‍ തുറക്കപ്പെടുന്നു. ഒരു വ്യക്തി തന്റെ ചുറ്റു പാടുകളെക്കുറിച്ച് മനസ്സിലാക്കുന്നതിലും ,ചിന്തിക്കുന്നതിലും പ്രതികരിക്കുന്നതിലുമെല്ലാം വായനാ ശീലത്തിന് വലിയ പങ്കുണ്ട്.

വായന ഭാവനയുടേയും ഭാഷയുടെയും സൗന്ദര്യം അടയാളപ്പെടുത്തും. ആത്മവിശ്വാസവും ചിന്താശക്തിയും വളര്‍ത്താനും നിലപാടുകള്‍ക്ക് കരുത്ത് നല്‍കാനും വായനക്ക് കഴിയും.

ജ്ഞാനത്തിന്റെ വാതില്‍ തുറക്കുന്നത് വായനയിലൂടെയാണ്. ഒന്നും അറിയില്ലെന്നറിയാന്‍ വായിച്ചു തുടങ്ങണം. വായന തുടങ്ങിയാല്‍ അനന്തമായ മഹാസമുദ്രം നമുക്ക് മുന്നില്‍ തെളിഞ്ഞു വരുമെന്നാണ് പറയുക. പുസ്തകങ്ങള്‍ മനുഷ്യനെ അറിയാനാണ് സഹായിക്കുന്നത് മറ്റുള്ളവരുടെ ജീവിതം, സംസ്‌കാരങ്ങള്‍, ചരിത്രം, സാങ്കേതികത, ധര്‍മ്മം തുടങ്ങിവയൊക്കെ അറിയാനും വിശകലനം ചെയ്യാനും വായന സഹായകമാകും.

വായന ഒരു തിരിച്ചറിവാണ്. ഓരോ പുസ്തകവും പുതിയൊരു ലോകത്തേക്കുള്ള വാതിലാണ്.അതിലൂടെ നമ്മള്‍ സ്വയം തിരിച്ചറിയുന്നു, സ്വപ്നങ്ങള്‍ കാണുന്നു, ലക്ഷ്യങ്ങള്‍ തീര്‍ക്കുന്നു.വായിക്കുവിന്‍, ആത്മാവിന്റെ കണ്ണുകള്‍ തുറക്കപ്പെടും.’

വാളിനേക്കാള്‍ മൂര്‍ച്ചയാണ് വാക്കുകള്‍ക്ക്, അതുകൊണ്ടു തന്നെ വാക്കുകള്‍ ഇഴ ചേര്‍ത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളര്‍ച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന് തുല്യമാണ്. ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല, ഓരോ കാലത്തെയും സാഹര്യങ്ങള്‍ക്കനുസരിച്ച് വായനയുടെ രീതികള്‍ മാറിയേക്കാം.

അണയാ വിളക്കുകളായ പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റി നമ്മുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും പ്രകാശപൂരിതമാക്കാം.

‘വായന ഒരു ശീലമല്ല, ഒരു ജീവിതശൈലിയാണ്.’വായിക്കുക, വളരുക, വെളിച്ചമായി മാറുക എന്നതാണ് വായനദിനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സന്ദേശം.

Related Articles

Back to top button